അക്രഡിറ്റഡ് എഞ്ചിനീയർമാർക്ക് സ്ഥിരം തൊഴിൽ
ജോബ് ഫെസ്റ്റ് ഇന്ന് (29)
എറണാകുളത്ത്
പട്ടികവിഭാഗക്കാരായ എഞ്ചിനീയറിങ്ങ്, പോളിടെക്നിക് ബിരുദധാരികൾക്കായി സർക്കാർ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇന്ന് (29 ന്) എറണാകുളം ഫോർഷോർ റോഡിലെ ട്രൈബൽ കോപ്ലക്സിലാണ് ഫെസ്റ്റ്. രാവിലെ 10 ന് പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പ് മന്ത്രി
ഒ ആർ കേളു ഉദ്ഘാടനം നിർവഹിക്കും.
പട്ടികജാതി -പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കിയ ട്രെയിനിങ്ങ് ഫോർ കരിയർ എക്സലൻസ് ( ട്രേസ് ) പദ്ധതിയിൽ പരിശീലനം നേടിയ അക്രഡിറ്റഡ് എഞ്ചിനീയർമാരടക്കം ഫെസ്റ്റിൽ പങ്കെടുക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി, കെൽ, നിർമ്മിതി, എഫ് ഐ ടി , സിൽക്ക് തുടങ്ങി നിരവധി പൊതുമേഖലാ - സ്വകാര്യ സ്ഥാപനങ്ങളാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
സർക്കാർ സംവിധാനത്തിൽ തൊഴിൽ പരിചയവും പരിശീലനവും നേടുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതിയാണ് ട്രേസ്. ഇതിലൂടെ രണ്ടു വർഷ പരിശീലനം പൂർത്തിയാക്കിയ അക്രഡിറ്റഡ് എഞ്ചിനീയർമാർക്ക് സ്ഥിരം തൊഴിൽ നേടുന്നതിന് ജോബ് ഫെസ്റ്റ് സഹായിക്കും.
ഏറെ മത്സരാധിഷ്ഠിതമായ തൊഴില്‍ മേഖലയില്‍ അഭ്യസ്തവിദ്യരായ പട്ടികവിഭാഗ യുവതീ-യുവാക്കള്‍ പിന്നാക്കം പോകാതിരിക്കാനുള്ള പരിശ്രമമാണ് ജോബ് ഫെസ്റ്റെന്ന് മന്ത്രി O R കേളു പറഞ്ഞു. വനാശ്രിതരായ 500 പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി അടുത്തിടെ പി എസ് സി വഴി നിയമനം നല്‍കിയിരുന്നു.
ഐ.ടി.ഐ. യോഗ്യത നേടിയ പട്ടികജാതി/വര്‍ഗ്ഗ വിഭാഗക്കാരായ 56 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒഡേപെക് വഴി വിദേശ ജോലിയും ലഭ്യമാക്കിയിരുന്നു.
ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് ജോബ് ഫെസ്റ്റും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരേ വേദിയിൽ നിരവധി സ്ഥാപനങ്ങളെ കണ്ടെത്താനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ഫെസ്റ്റിൽ അവസരം ലഭ്യമാകും. കൂടാതെ, തൊഴിൽദാതാക്കൾക്ക് ആവശ്യാനുസരണം പ്രതിഭകളെ കണ്ടെത്താനും അവരെ തങ്ങളുടെ സ്ഥാപനത്തിൽ ഉൾപ്പെടുത്താനുമാകും.
- Log in to post comments