കരുതലും കൈത്താങ്ങും : അദാലത്തിൽ ഗൗരവമേറിയ വിഷയങ്ങൾക്ക് പരിഹാരം കണ്ടു: മന്ത്രി ജി.ആർ അനിൽ
**കാട്ടാക്കട താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്തു
പൊതുജനങ്ങളുടെ ആശങ്കകൾ അവഗണിക്കപ്പെടുന്നില്ലെന്ന് അദാലത്ത് ഉറപ്പാക്കുന്നു :വി.ശിവൻകുട്ടി
പൊതുജനങ്ങളുടെ ഗൗരവമേറിയ വിഷയങ്ങൾ അദാലത്തിൽ പരിഹരിക്കപ്പെടുന്നുവെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കരുതലും കൈത്താങ്ങും കാട്ടാക്കട താലൂക്ക് അദാലത്ത് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്ന വിഷയങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിന് സർക്കാർ പ്രഥമ പരിഗണന നൽകുന്നുണ്ട്. വകുപ്പ് തല നടപടിക്രമങ്ങളിലൂടെയുള്ള പ്രശ്ന പരിഹാരങ്ങൾക്ക് പുറമേയാണ് കരുതലും കൈത്താങ്ങും അദാലത്തുകളിൽ പരാതിപരിഹാരത്തിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ജനങ്ങളുടെ അടുത്തെത്തുന്നത്. ജനങ്ങളുടെ വിവിധങ്ങളായ പ്രശ്നങ്ങൾ അദാലത്തിൽ അഭിമുഖീകരിക്കപ്പെടുന്നുവെന്നും അദാലത്തുകളിലെ ജനപങ്കാളിത്തം അതിന്റെ സൂചനയാണെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി,ശിവൻകുട്ടി മുഖ്യസാന്നിധ്യമായിരുന്നു. പരാതി പരിഹാരം ജനാധിപത്യത്തിന്റെ ആണിക്കല്ലാണെന്നും ഒരു പൗരനും അവഗണിക്കപ്പെടുന്നില്ലെന്നും കേൾക്കാതിരിക്കുകയോ ചെയ്യുന്നില്ലെന്നും അദാലത്ത് ഉറപ്പാക്കുന്നുവെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു
ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ എം.എൽ.എമാരായ സി.കെ ഹരീന്ദ്രൻ, ഐ.ബി സതീഷ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ജില്ലാ കളക്ടർ അനുകുമാരി, എ.ഡി.എം ടി.കെ വിനീത്, ഡെപ്യൂട്ടി കളക്ടർ ഷീജ ബീഗം.യു എന്നിവരും പങ്കെടുത്തു.
- Log in to post comments