Skip to main content

കരുതലിൻ്റെ ആശ്വാസം സൗമ്യയ്ക്കും

റേഷൻ കാർഡ് തരം മാറ്റി കിട്ടുന്നതിനു വേണ്ടി മാത്രമാണ് കുറിയക്കോട് അരശുംമൂട് സ്വദേശിനിയായ സൗമ്യയും മകൻ അജോയും കരുതലും കൈത്താങ്ങും കാട്ടാക്കട അദാലത്ത് വേദിയിലെത്തിയത്. പതിനാറ് വയസ്സുള്ള അജോ ഓട്ടീസം ബാധിതനുമാണ്.

ഭർത്താവിനു കിട്ടുന്ന ഏക വരുമാനമാണ് ഈ കുടുംബത്തിൻറെ ആശ്രയം. നിലവിലുള്ള വെള്ള റേഷൻ കാർഡിൽ നിന്നും ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കുന്ന പി എച്ച് എച്ച് റേഷൻ കാർഡിലേക്ക് മാറ്റണമെന്ന ആവശ്യവുമായി മുൻപ് രണ്ടു തവണ ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാൽ അപേക്ഷ നിരസിക്കപ്പെട്ടു.

ഇക്കാര്യങ്ങളെല്ലാം അദാലത്ത് വേദിയിൽ ഭക്ഷ്യ വകുപ്പു മന്ത്രി ജി ആർ അനിലിനു മുൻപിൽ സൗമ്യ വിശദമായി അവതരിപ്പിച്ചു. എല്ലാം ക്ഷമയോടെ കേട്ടിരുന്ന മന്ത്രി അജോയുടെ തുടർ ചികിത്സാ വിവരങ്ങളും സൗമ്യയോട് ചോദിച്ചറിഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ മന്ത്രി നിലവിലെ തടസങ്ങളൊക്കെ ഒഴിവാക്കി പി എച്ച് എച്ച് കാർഡ് നൽകുന്നതിന് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് അധികം വൈകാതെ അദാലത്ത് വേദിയിൽ വച്ചു തന്നെ മന്ത്രി സൗമ്യയ്ക്ക് കാർഡ് കൈമാറുകയും ചെയ്തു.

വളരെക്കാലമായി ശ്രമിക്കുന്ന റേഷൻ കാർഡ് തരം മാറ്റം അദാലത്തിലൂടെ പ്രയാസരഹിതമായി സാധ്യമായതിന്റെ സന്തോഷത്തിൽ മന്ത്രിയോട് നേരിട്ട് നന്ദി അറിയിച്ചാണ് സൗമ്യയും അജോയും വേദി വിട്ടത്. ഇത്തരത്തിൽ നൂറുകണക്കിന് സാധാരണക്കാരൻ്റെ പ്രശ്നങ്ങൾക്കാണ് ജില്ലയിൽ ഉടനീളം നടന്ന കരുതലും കൈത്താങ്ങും വേദികൾ തീർപ്പാക്കി നൽകിയത്.

date