ശ്രീമതി അമ്മക്കും തുണയായി കരുതലും കൈത്താങ്ങും
ചെറുപ്പം മുതൽ വീടുകളിൽ അടുക്കളപ്പണിയായിരുന്നു മാറനല്ലൂർ കൊറ്റംപള്ളി കാർത്തിക വീട്ടിൽ ശ്രീമതി അമ്മക്ക്. പ്രാഥമിക വിദ്യാഭ്യാസമോ ഒരു കുടുംബ ജീവിതമോ ദുരിതപ്പാടുകൾക്കിടയിൽ അവർക്ക് ലഭിച്ചില്ല. നാല് സഹോദരങ്ങളും മരിച്ചു പോയി. മൂത്ത ജ്യേഷ്ഠത്തിയും കുടുംബവുമായിരുന്നു ഇവർക്ക് തുണയായി ഉണ്ടായിരുന്നത്. സഹോദരി മരിച്ചതോടെ ആ സഹായവും നിലച്ചു.
സ്വന്തമായി സ്ഥലം വാങ്ങി അതിൽ ചെറിയ ഒരു വീട് വച്ച് ഒറ്റയ്ക്കാണ് ഇവർ താമസിക്കുന്നത്. 70 വയസുള്ള ശ്രീമതി അമ്മയെ പ്രായത്തിന്റെ അവശതകളും രോഗങ്ങളും തളർത്തുന്നു. തൊഴിലുറപ്പ് ജോലി ചെയ്താണ് ഇപ്പോൾ ജീവിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സ്ഥിരമായി ജോലിക്ക് പോകാനും കഴിയുന്നില്ല. ഇവരുടെ ദയനീയ സ്ഥിതി മനസ്സിലാക്കി കാട്ടാക്കട താലൂക്ക് അദാലത്തിൽ മന്ത്രിമാരായ ജി ആർ അനിലും വി ശിവൻകുട്ടിയും ശ്രീമതി അമ്മക്ക് എ എ വൈ കാർഡ് കൈമാറി.
ഒരു ബന്ധുവിൻ്റെ കൈയിൽ നിന്നും ആറ് വർഷം മുൻപാണ് ഇവർ വീട് വയ്ക്കുന്നതിനുള്ള സ്ഥലം വാങ്ങിയത്. എന്നാൽ സ്ഥലം ഇതുവരെ ഇവരുടെ പേരിൽ ആധാരമാക്കി കൊടുത്തിട്ടില്ല. ചോദിക്കുമ്പോൾ ഓരോ കാരണം പറഞ്ഞു അവർ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ കൂടി ബന്ധപ്പെട്ടവരുടെ സഹായം ഉണ്ടാകണമെന്നാണ് അമ്മയുടെ ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രിമാർ നിർദേശം നൽകുകയും ചെയ്തു. മന്ത്രിമാരുമായി സന്തോഷം പങ്കിട്ടാണ് ശ്രീമതി അ അദാലത്തു വേദി വിട്ടിറങ്ങിയത്.
- Log in to post comments