Skip to main content

മറക്കില്ല ഈ കരുതൽ., സർക്കാരിന് നന്ദി പറഞ്ഞ് ബാലകൃഷ്ണൻ

**കാട്ടാക്കട താലൂക്ക് അദാലത്തിൽ ബാലകൃഷ്ണനും കുടുംബത്തിനും എഎവൈ കാർഡ്

സർക്കാർ കരുതലിന്റെ കരങ്ങൾ നീട്ടിയപ്പോൾ വൈകല്യങ്ങൾ മറന്നു ബാലകൃഷ്ണൻ പുഞ്ചിരിച്ചു. തന്നെയും കുടുംബത്തെയും കാക്കുന്ന സർക്കാരിന് കൈകൂപ്പി നന്ദി പറഞ്ഞു. കാട്ടാക്കട താലൂക്ക് അദാലത്തിലാണ് ഏവരുടെയും മനസ്സ് പിടക്കുന്ന ഈ കാഴ്ച. എൺപതു ശതമാനം വൈകല്യങ്ങളോടെ ജീവിത ദുരിതങ്ങളോട് പടവെട്ടുന്ന പൂവ്വച്ചൽ ആനാകോട് വീരണകാവ് ഗായത്രിഭവനിൽ ബാലകൃഷ്ണൻ എ എ വൈ കാർഡ് വാങ്ങുന്നതിനാണ് കാട്ടാക്കട താലൂക്ക് അദാലത്തിൽ എത്തിയത്. മന്ത്രിമാരായ വി. ശിവൻകുട്ടിയും ജി.ആർ അനിലും ചേർന്ന് ബാലകൃഷ്ണനും കുടുംബത്തിനും കാർഡ് നൽകി.

രണ്ടര വയസ്സിൽ പോളിയോ വന്നതാണ് ബാലകൃഷ്ണന്റെ ജീവിതം ഗതിമാറ്റിയത്. ഭാര്യ ശ്രീദേവിക്കും ബിഎഡ് വിദ്യാർഥിനിയായ മകൾക്കുമൊപ്പം പഞ്ചായത്ത് സഹായത്താൽ നിർമ്മിച്ച വീട്ടിലാണ്  താമസിക്കുന്നത്. ശ്രീദേവിക്ക് ഒരു ശാസ്ത്രക്രിയക്ക് വിധേയമായിട്ട് അധിക കാലമായിട്ടില്ല. വീടുപണി പൂർത്തിയാക്കുന്നതിനും മകളുടെ പഠനത്തിനും സുമനസ്സുകൾ സഹായിക്കുന്നുണ്ട്. കുറച്ചുനാൾ മുൻപ് ബാലകൃഷ്ണന് തലയിൽ ഒരു വേദന വന്നിരുന്നു. ഇത് സ്കാൻ ചെയ്യാൻ ഡോക്ടർ പറഞ്ഞെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പിന്നീട് ഹോസ്പിറ്റലിൽ പോകാൻ കഴിഞ്ഞില്ല. ചികിത്സാ സഹായങ്ങൾക്കും മറ്റ് ആനുകൂല്യങ്ങൾക്കും എഎവൈ കാർഡ് ലഭിച്ചത് ഏറെ സഹായകമായെന്നു ഇവർ പറഞ്ഞു. സർക്കാരിന്റെ കരുതൽ നേരിട്ട് അറിഞ്ഞാണ് ഇരുവരും മടങ്ങിയത്.

date