മദ്യാസക്തി മൂലമുള്ള പ്രശ്‌നങ്ങള്‍ ഗാര്‍ഹികാന്തരീക്ഷത്തെ സംഘര്‍ഭരിതമാക്കുന്നു: വനിത കമ്മിഷന്‍
മദ്യപാനാസക്തി മൂലമുള്ള പ്രശ്‌നങ്ങള്‍ ഗാര്‍ഹികാന്തരീക്ഷത്തെ സംഘര്‍ഭരിതമാക്കുന്നതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സംസ്ഥാന വനിതാ കമ്മിഷന്‍ ആലപ്പുഴ ഗസ്റ്റ്ഹൗസില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു കമ്മിഷന്‍ അധ്യക്ഷ.
ജില്ലയിലെ അദാലത്തില്‍ ലഭിച്ച പരാതികളില്‍ നല്ലൊരു ശതമാനവും ഗാര്‍ഹിക ചുറ്റുപാടുകളിലെ പ്രശ്‌നങ്ങളായിരുന്നു. ഭാര്യാഭര്‍തൃ കലഹങ്ങള്‍ കുട്ടികളുടെ മാനസിക നിലയെയും പഠനത്തെയും ദോഷകരമായി ബാധിക്കുന്നതായി പരാതികളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അയല്‍പക്ക അതിര്‍ത്തി തര്‍ക്കങ്ങളും മദ്യപാനത്തെത്തുടര്‍ന്നുള്ള അയല്‍പക്ക കലഹങ്ങളും കമ്മീഷന് മുമ്പാകെ എത്തിയിട്ടുണ്ട്. പല കേസുകളിലും പരാതി കൊടുത്താലും പൊലീസ് സമയബന്ധിതമായി ഇടപെടുന്നില്ല എന്ന ആക്ഷേപവും സ്ത്രീകളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊലീസ് ജാഗ്രത പുലര്‍ത്തണമെന്ന് കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
പരാതികള്‍ ലഭിക്കുമ്പോള്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികള്‍ എടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യേണ്ടവയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും വേണം. കമ്മീഷന് മുമ്പാകെ എത്തുന്ന പരാതികളില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടാല്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടുകയാണ് കമ്മിഷന്‍ ചെയ്യുന്നത്. പക്ഷേ പലപ്പോഴും പൊലീസിന്റെ ഭാഗത്ത് നിന്ന് സമയബന്ധിതമായി റിപ്പോര്‍ട്ട് ലഭിക്കാത്ത സ്ഥിതിയുണ്ട്. 10 പരാതികളാണ് ഇന്ന് പൊലീസ് റിപ്പോര്‍ട്ടിനായി കൈമാറിയിട്ടുള്ളത്. പണമിടപാട് തര്‍ക്കങ്ങളില്‍ പൊലീസിനെതിരെ ആക്ഷേപം ഉയര്‍ന്ന പരാതികളും കമ്മീഷന് മുമ്പാകെ എത്തിയിട്ടുണ്ട്. പൊലീസുകാര്‍ക്കെതിരായ പരാതികളില്‍ അന്വേഷിച്ച് കൃത്യമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
വാര്‍ഡുതല ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അയല്‍പക്ക തര്‍ക്കങ്ങളിലും മദ്യാപാനം മൂലമുള്ള ഗാര്‍ഹിക പ്രശ്‌നങ്ങളിലും ജാഗ്രതാസമിതികളുടെ ഫലപ്രദമായ ഇടപെടല്‍ ആവശ്യമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ജാഗ്രതാസമിതികള്‍ കാര്യക്ഷമമാണെങ്കില്‍ സൗഹാര്‍ദപരമായ അന്തരീക്ഷം ഗ്രാമപ്രദേശങ്ങളില്‍ നിലനിര്‍ത്താന്‍ കഴിയുമെന്നും അധ്യക്ഷ പറഞ്ഞു.
ആലപ്പുഴ ഗസ്റ്റ്ഹൗസില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ 62 പരാതികളാണു പരിഗണിച്ചത്. 15 കേസുകള്‍ തീര്‍പ്പാക്കി. 10 കേസുകളില്‍ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് മൂന്ന് കേസുകളും ജാഗ്രതാസമിതിക്ക് രണ്ട് കേസുകളും കൈമാറി. 32 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. അദാലത്തില്‍ പുതുതായി നാല് പരാതികളും ലഭിച്ചു.
രാവിലെ 10 മണിക്ക് ആരംഭിച്ച അദാലത്തില്‍ അധ്യക്ഷ അഡ്വ. പി. സതീദേവിക്കൊപ്പം കമ്മീഷന്‍ അംഗമായ വി.ആര്‍. മഹിളാമണിയും പങ്കെടുത്തു. പാനല്‍ അഭിഭാഷകരായ അഡ്വ. ജീനു എബ്രഹാം, അഡ്വ. രേശ്മ ദിലീപ്, വനിത സെല്‍ എസ് ഐ എന്നിവരും കമ്മീഷനെ സഹായിക്കാന്‍ ഉണ്ടായിരുന്നു.
(പി.ആര്‍./എ.എല്‍.പി./2674)
- Log in to post comments