Skip to main content

കാർഷിക മൂല്യ ശൃംഖലാ ശാക്തീകരണം: കാബ്‌കോയുടെ ഇടപെടലുകൾ - ഏകദിന ശില്പശാല 19 ന് 

കാർഷിക മേഖലയിൽ നിലവിലുള്ള സാധ്യതകളെ കൂടുതൽ പ്രയോജനപ്പെടുത്താൻ മൂല്യശൃംഖലയെ കാലാനുസൃതമായി ശാക്തീകരിക്കുകയും നവീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് രൂപീകരിച്ച കേരള അഗ്രോബിസിനസ് കമ്പനി (കാബ്കോ) ഗ്രാന്റ് തോൺടൺ ഭാരത് എൽഎൽപിയുടെ സഹകരണത്തോടെ ഡിസംബർ 19ന് എറണാകുളം ഗോകുലം പാർക്കിൽ ഏകദിന ശില്പശാല സംഘടിപ്പിക്കും. കാർഷിക മൂല്യ ശൃംഖലാ ശാക്തീകരണം: കാബ്‌കോയുടെ ഇടപെടലുകൾ എന്ന വിഷയത്തിൽ നടക്കുന്ന ശിൽപ്പശാല കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും   വ്യവസായ വകുപ്പ് മന്ത്രി പി.രാജീവും ചേ൪ന്ന് ഉദ്ഘാടനം ചെയ്യുമെന്ന് കാബ്‌കോ അഡീഷണൽ മാനേജിങ് ഡയറക്ടറും കേരഫെഡ് മാനേജിങ് ഡയറക്ടറുമായ സാജു കെ. സുരേന്ദ്രൻ അറിയിച്ചു. 

ആഗോള ,ദേശീയ, പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന മൊത്ത വ്യാപാരികൾ, വിവിധ മേഖലകളിലെ വിദഗ്‌ധർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക സംസ്കരണ വിപണന മേഖലയിലെ സംരംഭകർ, ധനകാര്യ മേഖലയിലെ പ്രവർത്തകർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കർഷകർ, കൃഷിക്കൂട്ടം പ്രതിനിധികൾ, കർഷക ഉത്പാദക സംഘടനകളുടെ പ്രതിനിധികൾ  തുടങ്ങിയവർ  പങ്കെടുക്കും.

കർഷകർക്കും, കർഷക കൂട്ടായ്മകൾക്കും, കർഷക ഉത്പാദക സംഘടനകൾക്കും കാർഷിക സംരംഭകർക്കും ആവശ്യമായ വിപണീ വികസനം, കർഷകർ, കർഷക കൂട്ടായ്മകൾ, കർഷക ഉത്പാദക സംഘടനകൾ, കാർഷിക സംരംഭകർ തുടങ്ങിയവരെയെല്ലാം സാമ്പത്തികമായി ഉൾക്കൊള്ളിച്ച് വായ്പാ ലഭ്യത ഉറപ്പാക്കൽ, കാർഷിക വികസനത്തിനുള്ള കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ടിന്റെ ലഭ്യത, കാർഷികമൂല്യ ശൃംഖലയുടെ വളർച്ചയ്ക്കായി, അടിസ്ഥാന സൗകര്യങ്ങളുടെയും ആസ്തികളുടെയും സാങ്കേതികവിദ്യയുടെയും സംയോജനം, കേരളത്തിലെ കാർഷിക മൂല്യ ശൃംഖലകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പങ്കാളിത്തം, കേന്ദ്ര കാർഷിക പദ്ധതികളുമായി യോജിച്ചുള്ള പ്രവർത്തനം എന്നീ വിഷയങ്ങളിൽ പാനൽ ച൪ച്ചകൾ നടക്കും. 

കയറ്റുമതി കമ്പനികൾ/വ്യവസായ സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ/ഡയറക്ടർമാർ, മിഡിൽ ഈസ്റ്റിൽ നിന്നുള്ള  ബിസിനസ്  ഫോറങ്ങളെയും  അസോസിയേഷനുകളെയും പ്രതിനിധീകരിക്കുന്ന  വിദേശ ഇന്ത്യാക്കാ൪, നെതർലാൻഡ് സർക്കാരിൽ നിന്നുള്ള പ്രതിനിധികൾ എന്നിവ൪ പാനലിസ്റ്റുകളാകും. 

അഗ്രി ബിസിനസ്സിനായി സിയാൽ മാതൃകയിൽ  രൂപീകരിച്ച കാബ്കോയ്ക്ക് സാങ്കേതിക പിന്തുണ നൽകുന്നത് ഗ്രാന്റ് തോൺടൺ ഭാരത് എൽഎൽപിയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ശിൽപ്പശാലയുടെ സ്പോൺസ൪മാ൪. 

ഗ്രാന്റ് തോൺടൺ ഭാരത് എൽഎൽപി പാ൪ട്ണ൪ & സോഷ്യൽ സെക്ട൪ ലീഡ൪ ട്രാൻസ്ഫോർമേഷൻ കൺസൾട്ടിംഗ് പ്രൊഫ. വി.പത്മാനന്ദ്, മാനേജർ ആശിഷ് കുമാർ, കാബ്‌കോയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവ൪ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

date