Skip to main content

പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

 

പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബുധനാഴ്ച (ഡിസംബർ 18) രാവിലെ 9.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ലക്ഷ്യ മാനദണ്ഡ പ്രകാരം സജ്ജമാക്കിയ ലേബർ റൂം കോംപ്ലക്സ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, പാലിയേറ്റീവ് കെയർ വാർഡ്, നവീകരിച്ച ഒ.പി. വിഭാഗം, അത്യാഹിത വിഭാഗം എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ സ്വാഗതം ആശംസിക്കും.

8.30 കോടി രൂപ ചെലവഴിച്ചുള്ള കെട്ടിടത്തിൽ ലിഫ്റ്റ് ഉൾപ്പെടെയുള്ള സൗകര്യത്തോടെയാണ് വാർഡുകളും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകളും സജ്ജമാക്കിയിരിക്കുന്നത്. ആർദ്രം പദ്ധതി വഴി ഒപിഡി ട്രാൻസ്ഫോർമേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി 80 ലക്ഷം രൂപ ചെലവാക്കിയാണ് ഒ.പി വിഭാഗവും 15 കിടക്കകളുള്ള ഒബ്‌സർവേഷൻ റൂമോട് കൂടിയ ആധുനിക അത്യാഹിത വിഭാഗവും ഒരുക്കിയിരിക്കുന്നത്. ദ്വിതീയതല പാലിയേറ്റീവ് കെയർ സെന്റർ കൂടിയായ ആശുപത്രിൽ പാലിയേറ്റീവ് രോഗികളുടെ വിദഗ്ധ ചികിത്സ ഉറപ്പാക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പാലിയേറ്റീവ് വാർഡ് സജ്ജമാക്കിയിരിക്കുന്നത്. കിടത്തി ചികിത്സ ആവശ്യമായ പാലിയേറ്റീവ് കെയർ രോഗികളുടെ പരിചരണമാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഡേ കെയർ കീമോ തെറാപ്പിയും ഇവിടെ ഒരുക്കും.

ലക്ഷ്യ മാനദണ്ഡ പ്രകാരം 1.96 കോടി രൂപ ചെലവാക്കിയാണ് അത്യാധുനിക ലക്ഷ്യ ലേബർ റൂം കോംപ്ലക്സ് നിർമിച്ചത്. പ്രസവം നടക്കുന്ന ആശുപത്രികളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് പേരൂർക്കട ആശുപത്രിയിലും ലക്ഷ്യ മാനദണ്ഡ പ്രകാരമുള്ള സൗകര്യങ്ങളൊരുക്കിയത്. പ്രത്യേക പരിചരണം ആവശ്യമായ ഗർഭിണികൾക്കുള്ള ലേബർ റൂം സൗകര്യവും നാല് കിടക്കകളുള്ള രണ്ട് എൽ.ഡി.ആർ യൂണിറ്റ്, ഓപ്പറേഷൻ തീയറ്റർ വിത്ത് ഇമ്മിഡിയേറ്റ് റിക്കവറി, എൻ.ബി.എസ്.യു., ട്രയാജ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

date