Skip to main content

ജനങ്ങളുടെ ക്ഷേമത്തിന് ആവശ്യമെങ്കിൽ നിയമവും ചട്ടവും പൊളിച്ചെഴുതുമെന്ന് മന്ത്രി കെ. രാജൻ

നിയമങ്ങളും ചട്ടങ്ങളും ജനങ്ങളെ പേടിപ്പിക്കാനുള്ളതല്ലെന്നും ആവശ്യമെങ്കിൽ പൊളിച്ചെഴുതുമെന്നും റവന്യു മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു. കരുതലും കൈത്താങ്ങും മുകുന്ദപുരം താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ സർക്കാർ നിരവധിയായ ലഷ്യങ്ങൾ ജനങ്ങളുടെ മുന്നിൽ വെച്ച് വികസന പ്രവർത്തനങ്ങൾ കൃത്യമായി നിർവ്വഹിച്ചു മുന്നോട്ട് പോകുമ്പോഴും പലവിധ കാരണങ്ങളാൽ
ജനങ്ങളിലെത്തിച്ചേരേണ്ട സേവനങ്ങൾ സമയബന്ധിതമായി എത്തിച്ചേരുന്നില്ല എന്ന് ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ഒന്നാം പിണറായി സർക്കാരാണ് നവകേരളം സൃഷ്ടിക്കുന്നതിന് വേണ്ടി നാലു മിഷനുകൾ അവതരിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ എട്ടര വർഷമായി ലക്ഷ്യമാക്കി പ്രവർത്തിക്കുന്നത് അതിനാണ്. അതിനായി നാല് മിഷനുകൾ അവതരിപ്പിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആരോഗ്യ സുരക്ഷയ്ക്കായി ആർദ്രം, ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിന് ലൈഫ് മിഷൻ, മാലിന്യമുക്ത കേരളം സാക്ഷാത്കരിക്കുന്നതിന് ഹരിത കേരളം എന്നിവയാണ് മിഷനുകൾ. നാല് മിഷനുകൾ നാല് ദീർഘ വീക്ഷണങ്ങളാണ്.
കേരളത്തിൽ സയൻസ് വിഷയത്തിന് മാത്രമല്ല ഭാഷാ വിഷയത്തിനും ലാബുണ്ടാക്കി. പബ്ലിക് സ്കൂളുകളെ വെല്ലുവിളിക്കുന്നവയാക്കി പൊതു വിദ്യാലയങ്ങൾ. വസൂരി പുരകളിൽ ദുരന്തത്തിന്റെ തീക്കാറ്റേറ്റു വാങ്ങിയ ചരിത്രമുള്ള കേരളം കോവിഡ് ലോകമാകെ പിടിച്ചു കുലുക്കുകയും  ലക്ഷങ്ങളോളം പേരെ ഇല്ലാതാക്കുകയും ചെയ്തപ്പോൾ കോവിഡിന്റെ അപകടങ്ങൾ ആ വിധത്തിൽ പ്രതിഫലിപ്പിക്കാത്ത നാടായി കേരളത്തിന് മാറാൻ കഴിഞ്ഞത് ആരോഗ്യ മേഖലയിൽ കേരളം അവതരിപ്പിച്ച നടപടികൾ മൂലമാണ്.

എട്ടര വർഷക്കാലത്തിനിടയിൽ ലൈഫ് മിഷനിലൂടെ 4,54,000 വീടുകൾ നിർമ്മിച്ചു. പട്ടയ മിഷനിലൂടെ 3,75,000 ഓളം ഭൂരഹിതരെ പട്ടയ ഉടമകളാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചു കൊണ്ട് മൂന്ന് മിഷൻ പ്രവർത്തനങ്ങളിൽ മുന്നേറുകയാണ് ഇപ്പോൾ. ഒന്ന് 2025 നവംബർ ഒന്നോടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം എന്ന പ്രഖ്യാപനത്തിനുള്ള പ്രവർത്തനങ്ങൾ മുന്നേറുകയാണ്. മൂന്ന് വർഷത്തിന് മുൻപ് കണ്ടെത്തിയ 66,000 പേരെയും അതിദാരിദ്രത്തിൽ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം. രണ്ടാമത്തെ മിഷൻ 2025 മാർച്ച് 31 ലോക മാലിന്യമുക്ത ദിനത്തിൽ മാലിന്യമുക്ത കേരളത്തിന്റെ പ്രഖ്യാപനത്തിനും സംസ്ഥാനം ഒരുങ്ങുകയാണ്. മൂന്ന്, എല്ലാ കിടപ്പു രോഗികൾക്കും സാന്ത്വന പരിചരണം ഉറപ്പു വരുത്തുന്നതും മിഷന്റെ ഭാഗമാക്കിയിട്ടുണ്ട്. നാലമത്തെ മിഷൻ ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും മാന്യമായി കുടുംബം പോറ്റാൻ കഴിയുന്ന വിധത്തിൽ തൊഴിലും വരുമാനവും ഉറപ്പാക്കാൻ തൊഴിലും നൈപുണ്യവും വകുപ്പിന്റെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കി വരുക എന്നതാന്നെന്നും മന്ത്രി പറഞ്ഞു.

തൊണ്ണൂറ്റിനാലിലെ പഞ്ചായത്ത് രാജ് ആക്റ്റ് ചട്ടം 279 പ്രകാരം പഞ്ചായത്തിൽ നിക്ഷിപ്തമായ ഭൂമി റവന്യൂവിന് കൈമാറാൻ അനുബന്ധമായ നിയമമുണ്ടെങ്കിലും പഞ്ചായത്തു മുതൽ സെക്രട്ടറിയേറ്റു വരെ കറങ്ങി തീരുമാനമാകാത്ത നിലയായിരുന്നു അപേക്ഷകൾ.  2008 ന് മുൻപ് വാങ്ങിയ ഭൂമി 10 സെന്റിൽ കുറവ് സ്ഥലം മാത്രമുള്ളയാൾക്ക് ബിറ്റി ആറിൽ രേഖപ്പെടുത്തിയ ഭൂമി നിലമാണെങ്കിൽ പോലും മറ്റ് ഭൂമിയില്ലെങ്കിൽ തരം മാറ്റാതെ 1285 ചതുരശ്ര അടിയുള്ള വീട് വെയ്ക്കാനും, 600 ചതുരശ്ര അടിയുള്ള കടയുമാണ് പണിയുന്നതെങ്കിൽ തരം മാറ്റാതെ തന്നെ അനുമതി നൽകാൻ നിയമമുണ്ട്. കെട്ടിടം പണിത  ശേഷം തരം മാറ്റി യെടുക്കാം. വടക്കാഞ്ചേരിയിൽ അവണൂർ പഞ്ചായത്തിൽ കേരളത്തിൽ ആദ്യമായി ഇത്തരത്തിൽ അനുമതി നൽകിയത് തൃശൂർ ജില്ലയിലാണെന്നത് അഭിമാനകരമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

ഡിസംബറോടെ കേരളത്തിലെ 1902 ഉന്നതികളിലെ 28000 കുടുംബങ്ങൾ പഞ്ചായത്ത് രാജ് ചട്ട ഭേദഗതിയോടെ ഭൂ ഉടമകളാകുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണ്. കടൽ പുറമ്പോക്കിൽ 300.40 മീറ്ററിന് പുറത്തുള്ള കടൽ പുറമ്പോക്ക് അർഹരായവർക്ക് പതിച്ചു  നൽകുന്നതിനും നിയമമുള്ളത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 8.5 വർഷം കൊണ്ട് പിണറായി വിജയൻ സർക്കാർ 8982 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ സഹായധനമായി വിതരണം ചെയ്തിട്ടുണ്ട്.  
ഇത്തരം പ്രശ്നങ്ങൾക്ക് പരമാവധി പരിഹാരം കാണുന്നതിനാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ചൂരൽ മലയിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ മുഴുവനും പുനരധിവസിപ്പിക്കുമെന്നും മന്ത്രി രാജൻ പറഞ്ഞു.

സാങ്കേതിക കുരുക്കുകളിൽപ്പെട്ട് പരിഹാരം കാണാൻ കഴിയാത്ത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കരുതലും കൈത്താങ്ങും അദാലത്തിലൂടെ കഴിഞ്ഞതായി
അധ്യക്ഷ പ്രസംഗത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.  സാധാരണക്കാരായ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ പരാതികൾ പരിഹരിച്ചു കൊണ്ട് അദാലത്തുകൾ നല്ല നിലയിലാണ് കേരള സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്നത്. 2023 ഏപ്രിൽ, മെയ് മാസങ്ങളിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാർ നേരിട്ടു പങ്കെടുത്തു കൊണ്ടു നടത്തിയ അദാലത്തിൻ്റെ തുടർച്ചയായാണ് 2024 ഡിസംബർ, 2025 ജനുവരി മാസങ്ങളിലായി അദാലത്ത് നടത്തുന്നതെന്ന് മന്ത്രി കുട്ടിച്ചേർത്തു.
 

ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന അദാലത്തിൽ എം.എൽ.എ മാരായ കെ.കെ. രാമചന്ദ്രൻ, വി.ആർ. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി. മേനോൻ, അസി. കളക്ടർ അതുൽ സാഗർ, ഇരിങ്ങാലക്കുട ആർഡിഒ എം.സി. റജിൽ, ജനപ്രതിനിധികൾ വിവിധ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിന് നേതൃത്വം നൽകി.

 

date