തൃശ്ശൂര്‍ താലൂക്ക്തല കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്ത് മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു - മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തൃശ്ശൂർ ടൗൺ ഹാളിൽ നടത്തിയ തൃശ്ശൂര്‍ താലൂക്ക്തല കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ നീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷതവഹിച്ചു.
കരുതലും കൈത്താങ്ങും അദാലത്തിലെത്തുന്ന ഭൂരിഭാഗം പരാതികളും അദാലത്തില്‍തന്നെ പരിഹരിക്കുമെന്ന് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ തലത്തിൽ തീർപ്പാക്കാൻ കഴിയാത്ത പരാതികൾ സംസ്ഥാന സർക്കാർ ക്യാബിനറ്റ് തീരുമാനത്തിലൂടെ പരിഹരിക്കും. മറ്റ് ചിലത് വകുപ്പുകളുടെ നേതൃത്വത്തിൽ പരിഹരിക്കും. ആവശ്യമെങ്കിൽ നിയമസഭകൂടിയായും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ സർക്കാർ ആനുകൂല്യങ്ങള്‍ ജനങ്ങൾക്ക് ലഭ്യമാക്കാന്‍ ഏതെല്ലാം വിധത്തിലുള്ള വഴികളിലൂടെ പോകണമോ ആ വഴികളിലൂടെ പോകുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആവശ്യമെങ്കിൽ നിയമയും ചട്ടവും മാറ്റി എഴുതുമെന്നും മന്ത്രി ആവർത്തിച്ചു.
ഇപ്പോള്‍ കേരളത്തിലെ ഓഫീസ് പ്രവര്‍ത്തനങ്ങളെല്ലാം ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറുകയാണ്. ഇപ്പോള്‍ വില്ലേജ്, പഞ്ചായത്ത്, കോര്പ്പറേഷന് തുടങ്ങിയ ഓഫീസുകളില്‍ പൊതുജനങ്ങള്‍ പരാതികൊടുക്കുമ്പോള്‍ ആ പരാതി സ്കാന്‍ ചെയ്ത് പരാതി ഓണ്‍ലൈനിലാക്കി സെക്രട്ടേറിയേറ്റിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വരെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും കാണാന്‍ കഴിയുന്ന വിധത്തിലാക്കി വേഗത്തില്‍ പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഹാപ്പിനസ് ഇന്‍ഡക്സുള്ള ഒരു സംസ്ഥാനമെന്ന നിലയില്‍ ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം മുന്നേറിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍, അതിന്റെ ഗതിവേഗം പകരുന്ന ഒരു നടപടികൂടിയായി അദാലത്തുകള്‍ മാറുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
അദാലത്തിൻ്റെ ഉദ്ഘാടന വേദിയിൽ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന ആറുവയസുകാരൻ അമ്പാടിക്ക് ലയൺസ് ക്ലബ്ബ് നൽകിയ വീൽചെയർ മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു എന്നിവർ ചേർന്ന് കൈമാറി. വേദിയിൽ വെച്ച് 20 പട്ടയങ്ങളും വിതരണം ചെയ്തു.
തൃശ്ശൂർ ടൗൺ ഹാളിൽ നടത്തിയ അദാലത്തിൽ പി. ബാലചന്ദ്രൻ എം.എൽ.എ, തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗ്ഗീസ്, ഡെ. മേയർ എം.എൽ റോസി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അടലരസൻ, സബ് കളക്ടർ അഖിൽ വി. മേനോൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments