കരുതലും കൈത്താങ്ങും; താലൂക്ക്തല പരാതി പരിഹാര അദാലത്ത് : കളക്ടർ അവലോകന യോഗം ചേർന്നു
കരുതലും കൈത്താങ്ങും മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ ലഭിച്ച പരാതികളിൽ വകുപ്പ് തലത്തിൽ തീർപ്പാക്കേണ്ടവ ഉടൻ തീർപ്പാക്കണമെന്നും മറ്റ് വകുപ്പുകൾക്ക് കൈമാറേണ്ടവ വേഗം കൈമാറണമെന്നും ജില്ലാ കളക്ടർ വി വിഘ്നേശ്വരി പറഞ്ഞു. അദാലത്തിൻ്റെ മുന്നോടിയായി വിളിച്ച് ചേർത്ത ജില്ലാതല വകുപ്പ് മേധാവികളുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ലഭിച്ച പരാതികളുടെ വിശദാംശങ്ങളും നിലവിലെ സ്ഥിതിയും കളക്ടർ ആരാഞ്ഞു. പരാതികളിന്മേൽ ചട്ടപ്പടി മറുപടി നൽകാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും സൂക്ഷ്മതയോടെ പരാതികൾ പരിശോധിക്കണമെന്നും കളക്ടർ അറിയിച്ചു. അദാലത്ത് ദിവസങ്ങളിൽ അതത് വേദികളിൽ ജില്ലാതല വകുപ്പ് മേധാവികൾ നിർബന്ധമായും പങ്കെടുക്കണമെന്നും പരാതികൾ ഉൾപ്പെടെ നടപടിക്രമങ്ങളുടെ ഹാർഡ് കോപ്പി കരുതണമെന്നും അവർ പറഞ്ഞു.
ഡിസംബർ 20, 21,23,24 ജനുവരി 6 ദിവസങ്ങളിലാണ് ജില്ലയിൽ മന്ത്രിമാരുടെ താലൂക്ക്തല അദാലത്ത് നടത്തുന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും വി എന്‍ വാസവന്റെയും നേതൃത്വത്തിലാണ് അദാലത്തുകള്‍ നടത്തുക. 20 ന് ദേവികുളം - ഗവ ഹൈസ്കൂൾ അടിമാലി രാവിലെ 10 മുതൽ , 21 ന് പീരുമേട് - കുടുംബ സംഗമം ഓഡിറ്റോറിയം കുട്ടിക്കാനം രാവിലെ 10 മുതൽ, 23 ന് ഉടുമ്പഞ്ചോല - സെൻ്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാൾ നെടുങ്കണ്ടം, രാവിലെ 10 മുതൽ. ഉച്ചക്ക് ഒരു മണി മുതൽ ഇടുക്കി - പഞ്ചായത്ത് ടൗൺഹാൾ ചെറുതോണി, ജനുവരി 6 ന് തൊടുപുഴ - മർച്ചൻ്റ് ട്രസ്റ്റ് ഹാൾ രാവിലെ 10 മുതൽ എന്നിങ്ങനെയാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, ഓണ്‍ലൈന്‍ വഴി നേരിട്ടോ അദാലത്തിലേക്കുളള പരാതികളും അപേക്ഷകളും നല്‍കാം. karuthal.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ പരാതിയില്‍ ഉള്‍പ്പെടുത്തണം. നിശ്ചിതമേഖലയിലുള്ള പരാതികള്‍ മാത്രമാണ് സ്വീകരിക്കുക. കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളില്‍ ഒരുക്കിയ ഹെല്‍പ്പ് ഡെസ്‌ക് മുഖാന്തിരവും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതികള്‍ ജില്ലാ കളക്ട്രേറ്റുകളില്‍ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അതേ പോര്‍ട്ടല്‍ വഴി അയച്ച് നല്‍കും. പരാതികള്‍ പരിശോധിച്ച് വകുപ്പുകള്‍ നടപടി സ്വീകരിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം അതേ പോര്‍ട്ടല്‍ വഴി തിരികെ നല്‍കും.
- Log in to post comments