സ്വകാര്യമേഖലയിലെ പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍: നിയമസഭ സമിതി
കൊച്ചി: സ്വകാര്യമേഖലയിലെ പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ ശുപാര്‍ശ ചെയ്യുമെന്ന് സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി. തൃപ്പൂണിത്തുറ ഹില്‍പാലസില്‍ നടന്ന 1968 ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ടിന്റെ കീഴില്‍ പുറപ്പെടുവിച്ച എസ്ആര്‍ഒ (സ്റ്റാറ്റ്യൂട്ടറി റൂള്‍സ് & ഓര്‍ഡേഴ്‌സ്) കള്‍ സംബന്ധിച്ചുള്ള തെളിവെടുപ്പ് യോഗത്തില്‍ സമിതി ചെയര്‍മാന്‍ മുരളി പെരുന്നെല്ലി എംഎല്‍എ അറിയിച്ചതാണിത്. 2011 മുതല്‍ 2017 വരെയുള്ള വിജ്ഞാപനങ്ങളാണ് സമിതി പരിശോധിച്ചത്. സ്വകാര്യ ഉടമസ്ഥതയിലുള്ള പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ ഉടമസ്ഥര്‍ക്ക് നികുതി ഇളവുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് പുരാവസ്തു വിഭാഗം ഉദ്യോഗസ്ഥര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. വിദേശ രാജ്യങ്ങളില്‍ ഇത്തരം ഇളവുകള്‍ നല്കാറുണ്ടെന്നും ഇത് പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഉദേ്യാഗസ്ഥര്‍ പറഞ്ഞു. ഈ നിര്‍ദേശം സമിതിയുടെ ശുപാര്‍ശയായി സര്‍ക്കാരിന് സമര്‍പ്പിക്കും. എം മുകേഷ് എംഎല്‍എയും സ്‌പെഷല്‍ സെക്രട്ടറി ഗിരിജയും യോഗത്തില്‍ സംബന്ധിച്ചു.
1984ന് ശേഷം പുരാവസ്തു വകുപ്പിലെ ജീവനക്കാരുടെ എണ്ണത്തില്‍ മാറ്റമുണ്ടായിട്ടില്ല. എന്നാല്‍ സംരക്ഷിത സ്മാരകങ്ങളുടെ എണ്ണം ഇരട്ടിയിലധികം വര്‍ദ്ധിച്ചു. സ്മാരക സംരക്ഷണത്തിനായി കൂടുതല്‍ ജീവനക്കാരെ ആവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ സമിതിയുടെ ശ്രദ്ധയില്‍പെടുത്തി.
തൃപ്പൂണിത്തുറ ഹില്‍പാലസ് അടക്കമുള്ള സംരക്ഷിത സ്മാരകങ്ങളുടെ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികള്‍ ഉദ്യോഗസ്ഥന്‍ സമിതിക്കുമുമ്പാകെ വിശദീകരിച്ചു. പൈതൃക കെട്ടിടങ്ങളുടെ തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള സംരക്ഷണ പദ്ധതികളാണ് വകുപ്പ് നടപ്പിലാക്കുന്നത്. സംരക്ഷിത സ്ഥാപനങ്ങളുടെ സംരക്ഷണം, പുനരുദ്ധാരണം എന്നിവയ്ക്ക് ശാസ്ത്രീയ മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി നിബന്ധനകള്‍ക്ക് വിധേയമായി സൗകര്യങ്ങള്‍ ഹില്‍പാലസില്‍ ഒരുക്കുന്നുണ്ടെന്നും ഉദേ്യാഗസ്ഥര്‍ പറഞ്ഞു.
തെളിവെടുപ്പിനു ശേഷം സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി അംഗങ്ങള്‍ ഹില്‍ പാലസ് മ്യൂസിയം സന്ദര്‍ശിച്ചു സംരക്ഷണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
- Log in to post comments