Skip to main content

പത്താംതരം തുല്യതാപരീക്ഷ  ജില്ലയില്‍ 98 ശതമാനം വിജയം.

പ്രായത്തിന്റെ പരിമിതികളെ പരാജയപ്പെടുത്തി തുല്യതാ പരീക്ഷ എഴുതിയവര്‍ക്ക് മിന്നും വിജയം. പ്രായമേറിയ 266 പേരാണ് ജില്ലയില്‍ സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാപരീക്ഷ എഴുതിയത്. ഇതില്‍ 260 പേരും വിജയിച്ചു.
വിജയിച്ചവരില്‍ 179 പേരും സ്ത്രീകളാണ്. എസ് സി വിഭാഗത്തില്‍ നിന്നുള്ള 45 പേരും എസ് ടി വിഭാഗത്തില്‍ നിന്നുള്ള  ആറു പേരും തുല്യതാപരീക്ഷ വിജയിച്ചു. ഭിന്നശേഷിക്കാരായ ഏഴുപേരും വിജയിച്ചു.
കടുത്തുരുത്തി പാലക്കുന്നേല്‍ വിനീതയും ഭര്‍ത്താവ് സന്തോഷും ഒരേ സ്‌കൂളിലിരുന്ന് പത്താംതരം പരീക്ഷ എഴുതി വിജയിച്ചത്. കോട്ടയം മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സഹോദരിമാരായ ബിന്നിമോളും ഡെന്നിമോളും ഒരുമിച്ചിരുന്ന് പരീക്ഷ എഴുതി വിജയിച്ചു.
 ജില്ലയില്‍ അഞ്ച് സ്‌കൂളുകളിലായിട്ടാണ് പരീക്ഷ നടന്നത്. കോട്ടയം ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത്. 64 പേര്‍. കുറവ് പാലാ എം.ജി.എച്ച്.എസ്. എസില്‍. 37 പേര്‍.
ചങ്ങനാശേരി ജി എം എച്ച് എസില്‍ പരീക്ഷ എഴുതി വിജയിച്ച തൃക്കൊടിത്താനം പര്‍വ്വത്തറ വീട്ടില്‍ കെ കെ രവീന്ദ്രനാണ് (72) പ്രായം കൂടിയ പഠിതാവ്. കടുത്തുരുത്തിയില്‍ പരീക്ഷ എഴുതിയ പൂജ എസ് റെജി (18) യാണ് പ്രായം കുറഞ്ഞ വിജയി.
 യഥാസമയം പഠിക്കാന്‍ കഴിയാതെ പോയവര്‍ കഠിനമായ പരിശ്രമത്തിലൂടെയാണ് അക്ഷരങ്ങളുടെ ലോകത്തേക്ക് മടങ്ങിയെത്തിയത്. തുടര്‍പഠനത്തിനുള്ള സൗകര്യങ്ങളൊരുക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടെ നിന്നപ്പോള്‍ ഇവര്‍ക്ക് പുതിയ ജീവിത പാഠങ്ങള്‍ കൂടിയാണ് കൈവരിക്കാന്‍ കഴിഞ്ഞത്.

9 വിഷയങ്ങളില്‍ നടന്ന പരീക്ഷയ്ക്ക്് പരീക്ഷാഭവനാണ് നേതൃത്വം നല്‍കിയത്. അതത് സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ പരീക്ഷാകേന്ദ്രം ചീഫ് സൂപ്രണ്ടുമാരായി പ്രവര്‍ത്തിച്ചു. 
വിജയിച്ചവര്‍ക്ക് സാക്ഷരതാമിഷന്റെ ഹയര്‍ സെക്കന്‍ഡറി തുല്യതാകോഴ്സില്‍ ചേരാനാകും.

date