Skip to main content

സംരംഭകസഭ തൊഴിൽ കൂട്ടായ്മ സൃഷ്ടിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

സംരംഭക ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന സംരംഭകസഭ തൊഴിൽ കൂട്ടായ്മ സൃഷ്ടിക്കാൻ സഹായകമാകുമെന്ന് രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രവും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭകസഭയുടെ ജില്ലാതല ഉദ്ഘാടനം സ്‌പോർട്സ് കൗൺസിൽ ഹാളിൽ  നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
ഒരു കാലത്ത് കേരളത്തിൽ സംരംഭം തുടങ്ങാൻ ആശങ്ക ഉണ്ടായിരുന്ന സംരംഭകർക്ക് ഇപ്പോൾ വ്യാവസായിക സൗഹൃദ സംസ്ഥാനമാണ് കേരളം. സംരംഭകർക്ക് സ്വീകാര്യമായ നിലപാടും സുരക്ഷിതത്വബോധവും നൽകി സംതൃപ്തിയോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷം സംസ്ഥാനത്തുണ്ടെന്നും മന്ത്രി പറഞ്ഞു. യുവാക്കൾ ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തണം. വ്യവസായ സംരംഭകരാകുന്നതോടെ തൊഴിൽ ഇല്ലായ്മക്ക് പരിഹാരമാകും. സംസ്ഥാനത്തിന്റെ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കിയാണ് വ്യവസായ വാണിജ്യ വകുപ്പ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനായി. വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിച്ച് സംരംഭകരുടെ പ്രശ്നങ്ങൾക്ക് പ്രാദേശിക തലത്തിൽ പരിഹാരം കാണുക, വിവിധ സംരംഭകത്വ പ്രോത്സാഹന പദ്ധതികളെ പരിചയപ്പെടുത്തുക എന്നിവയാണ് സംരംഭക സഭയുടെ ലക്ഷ്യമെന്ന് മേയർ പറഞ്ഞു.
ജില്ലാവ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ് അജിമോൻ, കണ്ണൂർ കോർപ്പറേഷൻ വ്യവസായ വികസന ഓഫീസർ പി വി മഹിജ, കെഎസ്എസ്‌ഐഎ ജില്ലാ പ്രസിഡന്റ് സി അബ്ദുൽ കരീം, വിവിധ വകുപ്പുകളുടെയും ബാങ്കുകളുടെയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എടക്കാട് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ അഖിൽ സംരംഭകർക്കുള്ള സഹായ പദ്ധതികൾ, സേവനങ്ങൾ സംബന്ധിച്ച് വിഷയാവതരണം നടത്തി. കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ 85 ഓളം സംരംഭകർ പങ്കെടുത്തു.

 

date