Skip to main content

സ്‌നേഹക്കൂട്; മന്ത്രി ഡോ. ആര്‍. ബിന്ദു താക്കോല്‍ദാനം നിര്‍വ്വഹിച്ചു

സ്‌നേഹക്കൂട് ഭവന പദ്ധതിയിലെ നാലാമത്തെ വീടിന്റെ താക്കോല്‍ദാനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുടയില്‍ വര്‍ണ്ണക്കുടയുടെ സമാപന വേദിയിലായിരുന്നു മന്ത്രി വീടിന്റെ താക്കോല്‍ പരേതനായ നാടന്‍പാട്ട് കലാകാരന്‍ സുരേന്ദ്രന്റെ ഭാര്യ സജിനിയ്ക്ക് കൈമാറിയത്.

ഇരിങ്ങാലക്കുട നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കല്ലംകുന്നിലാണ്  സ്നേഹക്കൂട് ഒരുക്കിയത്. എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ വിവിധ ചലഞ്ചുകളിലൂടെ സമാഹരിച്ചതും സുമനസ്സുകളുടെ സഹായങ്ങളും ചേര്‍ത്താണ് സ്‌നേഹക്കൂട് നിര്‍മ്മിച്ചത്. നടവരമ്പ് അംബേദ്കര്‍ ഉന്നതിയിലെ പരേതനായ നാടന്‍പാട്ട് കലാകാരനായ സുരേന്ദ്രന്റെ കുടുംബത്തിനാണ് സ്‌നേഹക്കൂടിലൂടെ ആശ്വാസത്തണല്‍ ഒരുക്കിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി വിനയചന്ദ്രന്‍, സ്റ്റേറ്റ് എന്‍ എസ് എസ് ഓഫീസര്‍ ഡോ. ആര്‍.എന്‍ അന്‍സര്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം ജില്ലാ കണ്‍വീനര്‍ എം.വി പ്രതീഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രീതി, ക്ലസ്റ്റര്‍ കണ്‍വീനര്‍മാര്‍, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date