Skip to main content
gold

സംസ്ഥാന സ്‌കൂൾ കലോത്സവ സ്വർണ്ണക്കപ്പിന് കണ്ണൂരിൽ ആവേശോജ്ജ്വല സ്വീകരണം

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിലേക്കുള്ള സ്വർണ്ണ കപ്പിന്റെ യാത്രക്ക് കഴിഞ്ഞവർഷത്തെ ജേതാക്കളായ കണ്ണൂരിന്റെ മണ്ണിൽ ആവേശോജ്ജ്വല സ്വീകരണം നൽകി. കാസർകോട് നിന്ന് ആരംഭിച്ച സ്വർണക്കപ്പിന്റെ യാത്രയെ കരിവെള്ളൂർ എ വി സ്മാരക ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ചാണ് കണ്ണൂരിന്റെ മണ്ണിലേക്ക് സ്വീകരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഗിരീഷ് ചോലയിൽ, ആർ ഡി രാജേഷ് കുമാർ എന്നിവർ സ്വർണ്ണക്കപ്പിനെ അനുഗമിച്ചു.
ചൊവ്വ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന സ്വീകരണത്തിൽ ഡി ഡി ഇ ബാബു മഹേശ്വരി പ്രസാദ്, എസ് എസ് കെ ജില്ലാ കോ ഓർഡിനേറ്റർ ഇ സി വിനോദ്, ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ, സ്‌കൂൾ പ്രിൻസിപ്പൽ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. ചാവശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും സ്വീകരണം നൽകി. കൊട്ടിയൂർ ബോയ്‌സ് ടൗണിലെ സ്വീകരണത്തിനു ശേഷം കപ്പ് വയനാട്ടിലേക്ക് കൊണ്ടുപോയി. സ്‌കൂൾ വിദ്യാർത്ഥികൾ ആഹ്ലാദത്തോടെയും ആവേശത്തോടെയുമാണ് സ്വർണ്ണക്കപ്പിനെ യാത്രയാക്കിയത്. സ്വർണ്ണക്കപ്പ് ജനുവരി നാലിന് രാവിലെ തിരുവനന്തപുരത്തെത്തും.
63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിൽ നടക്കും
 

date