Skip to main content

മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

2023 ഒക്ടോബറിൽ തൃശ്ശൂരിൽ നടത്തിയ അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂൾ കായികോത്സവുമായി ബന്ധപ്പെട്ട മാധ്യമ അവാർഡുകളും കൊല്ലത്ത് നടന്ന 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ മാധ്യമ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി വി ശിവൻകുട്ടിയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

അച്ചടി മാധ്യമത്തിലെ സമഗ്ര കവറേജിനുള്ള പുരസ്‌കാരം മലയാള മനോരമ ദിനപ്പത്രവും ദൃശ്യമാധ്യമത്തിലെ മികച്ച കവറേജിനുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസും നേടി. സമഗ്ര ശ്രവ്യ കവറേജ് വിഭാഗത്തിൽ എൻട്രികൾ ഇല്ലായിരുന്നു.

മാതൃഭൂമി ന്യൂസിലെ ആദിത്യൻ. ഒ മികച്ച ടി.വി. റിപ്പോർട്ടിനുള്ള അവാർഡിന് അർഹനായി. മികച്ച പത്ര റിപ്പോർട്ടർ വിഭാഗത്തിൽ ജൂറി ആരെയും തിരഞ്ഞെടുത്തില്ല. മികച്ച വാർത്താ ചിത്രത്തിനുള്ള പുരസ്‌കാരം ചന്ദ്രിക ദിനപ്പത്രത്തിലെ ഡയമണ്ട് പോളിനാണ്. മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് മിഡിയവണ്ണിലെ ബബീഷ് കക്കോടി നേടി. തൃശ്ശൂർ മീഡിയവിഷൻ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.

മുതിർന്ന മാധ്യമ പ്രവർത്തകരായ ജോൺ സാമൂവൽ, രവി മേനോൻ, വിനോദ്.എ. എന്നിവർ അടങ്ങുന്ന അവാർഡ് നിർണയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമഗ്ര കവറേജിനുള്ള അവാർഡിന് മാതൃഭൂമിയെ തെരഞ്ഞെടുത്തു. മികച്ച റിപ്പോർട്ടറായി ബീന അനിതയെയും  (മാധ്യമം), മികച്ച ഫോട്ടോഗ്രാഫറായി രാജേഷ് രാജേന്ദ്രനെയും (ജനയുഗം) തെരഞ്ഞെടുത്തു. മികച്ച കാർട്ടൂണിനുള്ള പുരസ്‌കാരം കെ.വി.എം. ഉണ്ണി (മാതൃഭൂമി) നേടി.

ഇംഗ്ലീഷിലെ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനാണ്. മികച്ച റിപ്പോർട്ടർ എസ്.ആർ.പ്രവീൺ (ദ ഹിന്ദു), മികച്ച ക്യാമറാപേഴ്‌സൺ സി. സുരേഷ് കുമാർ (ദ ഹിന്ദു) എന്നിവരാണ്.

ദൃശ്യ മാധ്യമരംഗത്തെ മികച്ച റിപ്പോർട്ടറായി പി.സി. സൈഫുദ്ദീൻ (മീഡിയ വൺ) തെരഞ്ഞെടുക്കപ്പെട്ടു. ജൂറിയുടെ പ്രത്യേക പരാമർശം ധന്യ കിരൺ (മലയാള മനോരമ) നേടി. മികച്ച ക്യാമറാപേഴ്‌സണിനുള്ള പുരസ്‌കാരം സനോജ് പയ്യന്നൂർ (കേരള വിഷൻ), ഷാജു കെ വി (മാതൃഭൂമി) എന്നിവർ പങ്കിട്ടു. സമഗ്ര കവറേജിനുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ് എന്നിവർ പങ്കിട്ടു.

ഓൺലൈൻ മീഡിയയിലെ സമഗ്ര കവറേജിനുള്ള അവാർഡ് ദി ഫോർത്തും ശ്രവ്യ മാധ്യമത്തിലെ മികച്ച കവറേജിനുള്ള പുരസ്‌കാരം റെഡ് എഫ്.എം റേഡിയോയും നേടി.

വ്യക്തികൾക്ക് ഇരുപതിനായിരം രൂപയും സ്ഥാപനങ്ങൾക്ക് ഇരുപത്തി അയ്യായിരം രൂപയുമാണ് സമ്മാനത്തുക.

മുതിർന്ന മാധ്യമപ്രവർത്തകരായ ജേക്കബ് ജോർജ്, രാജീവ് ശങ്കരൻ, ദൂരദർശൻ മുൻ അസിസ്റ്റന്റ് ഡയറക്ടർ പി.കെ.വേണുഗോപാൽ, കാരയ്ക്കാമണ്ഡപം വിജയകുമാർ എന്നിവരടങ്ങുന്ന അവാർഡ് നിർണയ സമിതിയാണ് വിധി നിർണയിച്ചത്.

പി.എൻ.എക്സ്. 33/2025

date