സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് ജില്ലയിൽ ഗംഭീരവരവേൽപ്പ്
അറുപത്തിമൂന്നാമത് സ്കൂൾ കലോത്സവ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണകപ്പ് വഹിച്ചുകൊണ്ടുളള ഘോഷയാത്രയ്ക്ക് കോട്ടയം ജില്ലയിൽ ഗംഭീര സ്വീകരണം നൽകി. ഇടുക്കി ജില്ലയിലെ കരിങ്കുന്നം ജി.എൽ.പി. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം ജില്ല ട്രോഫി ഏറ്റുവാങ്ങി. ഉച്ചകഴിഞ്ഞ് കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്ക്കൂളിൽ എത്തിയ ഘോഷയാത്രയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദുവിൻ്റെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെയും ട്രോഫിയിൽ ഹാരമണിയിച്ചും സ്വീകരിച്ചു. സ്വീകരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷയായി. നഗരസഭാംഗം സിൻസി പാറയിൽ, വിദ്യാഭ്യാസ ഉപഡയറക്ടർ എം.ആർ. സുനിമോൾ, സർവ ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ - ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.എസ്. ശ്രീകുമാർ, എ. ഇ. ഒ. അനിൽ തോമസ് എന്നിവർ പ്രസംഗിച്ചു. അധ്യാപകർ, ജീവനക്കാർ, എൻ.എൻ. സി., എസ്.പി.സി, സ്കൗട്ട്സ് കേഡറ്റുകൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്നു ട്രോഫി ഘോഷയാത്രയായി ളായിക്കാട് സെന്റ് ജോസഫ് എൽ.പി.എസ്. എത്തിച്ചു പത്തനംതിട്ട ജില്ലയ്ക്ക് കൈമാറും.
- Log in to post comments