Skip to main content

മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ വലിച്ചെറിയല്‍ വിരുദ്ധ വാരം തുടങ്ങി

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ മാലിന്യം വലിച്ചെറിയല്‍ വിരുദ്ധവാരാചരണം തുടങ്ങി. ജനുവരി ഒന്നു മുതല്‍ ഏഴ് വരെയാണ് വാരാചരണം. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ സജീവമായി.

പൊതുനിരത്തിലും പൊതു ഇടങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍  വ്യാപാരസ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വീകരിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മേളകളും ഉത്സവങ്ങളും നടത്തുന്ന സ്ഥലങ്ങള്‍, ജാഥകള്‍, പൊതുപരിപാടികള്‍ നടക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ബിന്നുകളിലും മിനി എം.സി.എഫ്. കളിലും ബോട്ടില്‍ ബൂത്തുകളിലും ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെയും നടപടി സ്വീകരിക്കും.

സ്ഥാപനങ്ങളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും മാലിന്യം വലിച്ചെറിയാതിരിക്കുന്നതിന് കളര്‍ കോഡുള്ള ബിന്നുകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിജിലന്‍സ് സ്‌ക്വാഡും ജില്ലാതലത്തിലുള്ള വിജിലന്‍സ് സ്‌ക്വാഡും പരിശോധന വ്യാപകമാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് പൊതുജന പങ്കാളിത്തം വേണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

date