29 വർഷത്തെ കാത്തിരിപ്പ് ; ഒടുവിൽ അദാലത്തു വേദിയിൽ പട്ടയം
മിച്ചഭൂമി പട്ടയ പ്രകാരം ലഭിച്ച ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥ നിലനിൽക്കേ കൈമാറി ലഭിച്ച വസ്തു 29 വർഷമായി പോകുവരവ് ചെയ്തു ലഭിക്കാതെ കഷ്ടത അനുഭവിച്ച അമ്മയ്ക്കും മകനും ചേർത്തലയിലെ കരുതലും കൈത്താങ്ങും വേദി ആശ്വാസമായി.
നേരത്തെ പല വേദികളിലും നിവേദനം നൽകിയിരുന്നു. എങ്കിലും നിയമ സാങ്കേതിക പ്രശ്നങ്ങൾ പോകുവരവ് നടത്തുന്നതിന് തടസ്സമായി തുടർന്നു.
മന്ത്രിമാർ നേരിട്ട് നടത്തുന്ന താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തിൽ പരാതി പരിഹാരത്തിനായി സമർപ്പിച്ച അപേക്ഷയിന്മേൽ കാർഷിക വികസന വകുപ്പ് മന്ത്രി പി പ്രസാദ് നേരിട്ട് നടപടി സ്വീകരിച്ചു.
ലാൻഡ് ബോർഡ്സെക്രട്ടറിയുടെ 2023 ഒക്ടോബർ 25 തീയതിയിലെ സർക്കുലറിലെ ഖന്ധിക 18 പരിഗണിച്ചാണ് ദീർഘകാലമായുള്ള ആശ്വാത്തമ്മയുടെയും മകൻ ദിനലിന്റെയും പ്രശ്നത്തിന് പരിഹാര മാർഗം തുറന്നത്. ചേർത്തല പട്ടണക്കാട് പുതുവൽനീകർത്ത് സ്വദേശിനിയായ ആശ്വാത്താമ്മ നിലവിൽ വണ്ടാനം മെഡിക്കൽ കോളേജിൽ ആരോഗ്യപ്രശ്ങ്ങൾ കാരണം ചികിത്സയിൽ ആണ്. മകൻ ദിനൽ ആണ് പ്രശ്നപരിഹാരത്തിനുള്ള അപേക്ഷയുമായി അദാലത്തിനു എത്തിയത്. അപേക്ഷകൻ നേരിട്ട കാലത്തമസവും വിഷയത്തിന്റെ ഗൗരവവും കണക്കിലെടുത്തു വേദിയിൽ വച്ചുതന്നെ പോക്കുവരവ് ചെയ്ത് നൽകിയ ഉത്തരവ് മന്ത്രി പി പ്രസാദ് ദിനലിനു കൈമാറി. രോഗവസ്ഥയിലും തന്റെ മാതാവിന് ഈ വാർത്ത ഏറെ സന്തോഷം പകരും എന്ന നിറഞ്ഞ സന്തോഷത്തിലാണ് ദിനൽ വേദി വിട്ടത്.
- Log in to post comments