Skip to main content

റീ സർവേയ്ക്കുശേഷം കരം അടയ്ക്കാനാവുന്നില്ല ; നിരവധി കേസുകളിൽ നിമിഷങ്ങൾക്കകം പരിഹാരം

ആലപ്പുഴ: കൊക്കോതമംഗലം കുന്നുമ്മേൽ തറയിൽ മന്മഥൻ തന്റെ വീട് നിൽക്കുന്ന സ്ഥലത്തിന് റീ സർവേയ്ക്ക് ശേഷം കരം അടയ്ക്കുന്നതിന് സാധിക്കുന്നില്ല എന്ന പരാതിയുമായാണ് മന്ത്രി സജി ചെറിയാന്റെ മുന്നിലെത്തിയത്. നിലവിൽ താൻ കരം അടച്ചിരുന്നതാണെന്നും അവിടെ വീട് വച്ചിട്ടുണ്ടെന്നും മറ്റൊരു വീട് വയ്ക്കാൻ കഴിയാത്ത സാമ്പത്തിക സാഹചര്യമാണെന്നും ചൂണ്ടിക്കാട്ടി. റീസർവേ വിഭാഗത്തിന്റെ രേഖകൾ പരിശോധിച്ചും നിലവിലെ റിപ്പോർട്ടുകൾ പരിഗണിച്ചും മേൽപ്പടി കുടുംബത്തിന്റെ അവസ്ഥ പരിഗണിച്ചും പുതിയ നടപടിക്രമങ്ങൾ അവസാനിപ്പിച്ച് നികുതി സ്വീകരിക്കുന്നതിന് മന്ത്രി നിർദ്ദേശിച്ചു.
റിസർവ്വേയ്ക്ക് ശേഷവും അല്ലാതെയും കരമടയ്ക്കുന്നതിന് സാധിക്കാത്ത നിരവധി കേസുകളാണ് ചേർത്തല അദാലത്തിന്റെ പരിഗണനയിലെത്തിയത്. പെരുമ്പളം വില്ലേജിലെ മൂന്നും അരൂക്കുറ്റിയിലെ ഒന്നും തണ്ണീർമുക്കം വടക്ക് വില്ലേജിലെ രണ്ടും കൊക്കോതമംഗലത്തെ ഒരു കേസും പരിഹാരമായത് അദാലത്ത് തുടങ്ങി മിനിട്ടുകൾക്കകം. റീസർവ്വേയ്ക്ക് ശേഷം പേരിൽ ഉണ്ടായ മാറ്റവും സർവ്വേ നമ്പറിൽ ഉണ്ടായ മാറ്റവും മറ്റു പലകാരണങ്ങളാലുമാണ് ഇവർക്ക് കരമടയ്ക്കാൻ കഴിയാതിരുന്നത്. പ്രസ്തുത പരാതിയിൽ ഡിഡി സർവ്വേ, വില്ലേജ് ഓഫീസർ,തഹസിൽദാർ എന്നിവരുടെ അടിയന്തര റിപ്പോർട്ട് പരിഗണിച്ചാണ് കരം അടയ്ക്കുന്നതിന് മന്ത്രിമാർ നിർദ്ദേശം നൽകിയത്.

date