ബ്രെയിൽ സാക്ഷരതാ പരിപാടിക്കും അന്ധക്ഷേമ പക്ഷാചരണത്തിനും തുടക്കം
അടിസ്ഥാന വിദ്യാഭ്യാസം നൽകി കാഴ്ച പരിമിതി ഉള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിക്കാൻ ദീപ്തി - ബ്രയിലി സാക്ഷരതാ പദ്ധതിയുടെ ക്ലാസുകൾ ജില്ലയിൽ ആരംഭിച്ചു. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പോത്താനിക്കാട് വനിതകൾക്കായി നടത്തുന്ന വൊക്കേഷണൽ പരിശീലന കേന്ദ്രത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ബ്രെയിൽ സാക്ഷരതാ ക്ലാസുകളുടെയും, അന്ധക്ഷേമ പക്ഷാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. പഠിതാക്കൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബ്രെയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. മികച്ച പ്രകടനം കാഴ്ചവച്ച തുല്യത സെന്റർ കോഡിനേറ്റർമാരെ പ്രസിഡന്റ് ചടങ്ങിൽ ആദരിച്ചു. പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സജി കെ വർഗീസ് അധ്യക്ഷത വഹിച്ചു. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ജില്ലാ പ്രസിഡന്റ് വി.കെ ശ്രീജിത്ത് പദ്ധതി വിശദീകരണം നടത്തി, ഫെഡറേഷൻ സ്ഥാപക പ്രസിഡന്റ് വി എ ജോസ് ലൂയി ബ്രെയിൽ ദിന സന്ദേശം നൽകി. ചടങ്ങിന് ആശംസകൾ അർപ്പിച്ചു ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, പോത്താനിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആശ ജിമ്മി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഫിജിന അലി, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എൻ എം ജോസഫ്,ബോബി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സാക്ഷരതാ മിഷൻകോ-ഓർഡിനേറ്റർ വിവി ശ്യാംലാൽ സ്വാഗതവും, കോ-ഓർഡിനേറ്റർ നിർമ്മല റേച്ചൽ ജോയ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിനു ശേഷം ബ്രയിൽ പഠിതാക്കളുടെ വിവിധ മത്സരങ്ങൾ നടത്തി പ്രോത്സാഹന സമ്മാനങ്ങൾ നൽകി. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ, ജില്ലാ പഞ്ചായത്തിന്റെയും, മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിക്ക് മുന്നോടിയായി ബ്രെയിലി ലിപിയിൽ പ്രാവീണ്യമുള്ള അധ്യാപകരെ കണ്ടെത്തി പരിശീലനം നൽകി. പൈലറ്റ് പദ്ധതി എന്ന നിലയിൽ എറണാകുളം ജില്ലയിൽ നിലവിൽ 78 പഠിതാക്കളെ ആണ് കണ്ടെത്തിയിട്ടുള്ളത്. കാഴ്ച പരിമിതി നേരിടുന്നവർക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകി സാമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക.കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും വളർത്തിയെടുക്കാനും അവസരം നൽകുക,തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്ക് പിന്നിലുണ്ട്.
- Log in to post comments