നൂറുദിന ക്ഷയരോഗ നിർമ്മാർജ്ജന കാമ്പയിന് ജില്ലയിൽ വർണാഭമായ തുടക്കം
ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ ലക്ഷ്യമിട്ടുള്ള നൂറു ദിവസത്തെ തീവ്ര ബോധവൽക്കരണ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം മലപ്പുറം എം എൽ എ പി. ഉബൈദുള്ള നിർവഹിച്ചു. മലപ്പുറം നഗരസഭാ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ അബ്ദുൽ ഹമീദ് പരി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ വി. ആർ. വിനോദ് മുഖ്യാതിഥിയായി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക മുഖ്യപ്രഭാഷണം നടത്തി.
ക്ഷയരോഗമരണങ്ങൾ 90% കുറയ്ക്കുക , ക്ഷയരോഗം കാരണം ആർക്കും അധികം സാമ്പത്തിക ബാധ്യത ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കാമ്പയിൻ നടത്തുന്നത്. കണ്ടെത്താനാകാതെ മറഞ്ഞിരിക്കുന്ന ക്ഷയരോഗ ബാധിതരെ എത്രയും വേഗം കണ്ടെത്തുകയും അതിലൂടെ അണുബാധയുടെ വ്യാപനം തടയുകയും ഗ്രാമങ്ങളും സമൂഹവും രോഗമുക്തമാക്കുകയും ചെയ്യുക എന്നത് ലക്ഷ്യമാണ്.
കോളേജ് വിദ്യാർത്ഥികളും ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്ത നൂറു ദിന ബോധവൽക്കരണ വിളംബര റാലി ജില്ലാ കളക്ടർ വി.ആർ. വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. ക്ഷയരോഗ നിർമ്മാർജ്ജന ബോധവൽക്കരണ സന്ദേശങ്ങൾ അടങ്ങിയ ജില്ലയിലെ 10 നിക്ഷയ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് നന്ദഗോപൻ നിർവഹിച്ചു.
ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് മുൻ മലപ്പുറം ജില്ല ടി ബി ഓഫീസറും ആരോഗ്യവകുപ്പ് റിട്ട. അഡീഷണൽ ഡയറക്ടറുമായ ഡോ. നന്ദകുമാർ കെ വി യെ ആദരിച്ചു. വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം, പ്രതീകാത്മക ബലൂൺ പറത്തൽ, സിഗ്നേച്ചർ കാമ്പയിൻ , സെൽഫി പോയിൻ്റ്, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു.
ചടങ്ങിൽ പെരിന്തൽമണ്ണ സബ് കലക്ടർ അപൂർവ ത്രിപാദി, എ ഡി എം എൻ.എം മെഹറലി, ജില്ലാ ടി ബി ഓഫീസർ ഡോ. ഷുബിൻ സി , ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനൂപ്. ടി. എൻ, റിട്ട. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. നന്ദകുമാർ കെവി, ജില്ലാ ടി ബി കൺസൾട്ടൻ്റ് ഡോ. അബ്ദുൽ റസാക്ക്, തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ ഷാജു , ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ മുഹമ്മദ്, ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ അഞ്ജു എന്നിവർ സംസാരിച്ചു.
ക്ഷയരോഗ നിർമാർജന ബോധവൽക്കരണ സന്ദേശ റാലിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കോട്ടക്കൽ അൽമാസ് നഴ്സിംഗ് കോളേജ് ഒന്നാം സ്ഥാനവും കൊണ്ടോട്ടി അൽറൈഹാൻ കോളേജ് രണ്ടാം സ്ഥാനവും അങ്ങാടിപ്പുറം മൗലാന ഫാർമസി കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളായ കോളേജ് വിദ്യാർത്ഥികൾക്കും ക്വിസ് മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്കും സമ്മാനദാനം നൽകി.
ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ആരോഗ്യപ്രവർത്തകരുടെയും കോളേജ് വിദ്യാർത്ഥികളുടെയും ആശാപ്രവർത്തകരുടെയും വിവിധങ്ങളായ കലാപരിപാടികൾ നടന്നു. നൂറു ദിന ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ജില്ലാതല ഉദ്യോഗസ്ഥർ, ജില്ലയിലെ 15 കോളേജുകളിൽ നിന്നുള്ള 500 ഓളം വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments