Skip to main content

രോഗങ്ങളാൽ വലയുന്ന മോനിഷക്ക് ആശ്വാസമായി മന്ത്രി പി പ്രസാദിൻ്റെ ഇടപെടൽ

തന്നെ ആറു വർഷമായി വേട്ടയാടുന്ന രോഗങ്ങളുടെ കൃത്യമായ കാരണം കണ്ടെത്തി നല്ല ചികിത്സ ഉറപ്പാക്കുവാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചാണ്  ഒളതല സ്വദേശി മോനിഷ 
കരുതലും കൈത്താങ്ങും അദാലത്തിൽ എത്തിയത് . 

കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പരാതി വിശദമായി കേൾക്കുകയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനെ മോനിഷയുടെ തുടർ ചികിത്സക്കും  പരിശോധനക്കുമായി ചുമതലപ്പെടുത്തി  മന്ത്രി അദാലത്തിൽ ഉത്തരവിട്ടു.

  രണ്ടു കുട്ടികളുടെ അമ്മയായ മോനിഷ 2019 ഏപ്രിലിലാണ് വൃക്കയിൽ കല്ല് അസുഖത്തിന് ചികിത്സ തേടുന്നത്. എന്നാൽ  പിന്നീട്  മയോപ്പതി, ഓട്ടോ ഇമ്മ്യൂൺ ഹൈപ്പോ തൈറോയിഡ് , ഫൈബ്രോമയാൾജിയ, ആസ്ത്മ തുടങ്ങിയ വിവിധ അസുഖങ്ങൾ ബാധിച്ചു. സംസാരിക്കുന്നതിനും നിൽക്കുന്നതിനും കിടക്കുന്നതിനുമെല്ലാം ഇപ്പോൾ  പ്രയാസമുണ്ട്. നിരവധി ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും അസുഖങ്ങൾക്ക് കുറവില്ലയെന്നാണ് മോനിഷയുടെ പരാതി.  അസുഖം കാരണം  ഭർത്താവിനും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്.  

മന്ത്രിയുടെ ഇടപെടൽ ആശ്വാസവും ജീവിതത്തിൽ വലിയ പ്രതീക്ഷയും നൽകിയെന്ന് മോനിഷ പറഞ്ഞു.

date