നൂറനാട് ലെപ്രസി സാനറ്റോറിയത്തെ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തും: മന്ത്രി വീണാ ജോർജ്
നൂറനാട് ലെപ്രസി സാനറ്റോറിയത്തെ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന് വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഏറ്റവും അധികം പണം ചെലവഴിച്ച കാലമാണിത്. ഒരു ആശുപത്രി കെട്ടിടം നിർമ്മിക്കാൻ പത്ത് ലക്ഷം രൂപ ലഭിക്കാൻ 10-15 വർഷം കാത്തിരിക്കേണ്ടി വന്നിരുന്ന ഒരു സാഹചര്യത്തിൽ നിന്ന് ഇന്ന് ഓരോ മണ്ഡലത്തിലെയും ആരോഗ്യ സംവിധാനങ്ങൾക്ക് കോടിക്കണക്കിന് രൂപയാണ് സർക്കാർ ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. മാവേലിക്കര മണ്ഡലത്തിൽ മാത്രം 123 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്. രാജ്യത്ത് ഏറ്റവും അധികം സൗജന്യ ആരോഗ്യസേവനം നൽകുന്ന സംസ്ഥാനമെന്ന പദവി കഴിഞ്ഞ മൂന്നു വർഷമായി കേരളത്തിനാണ്. സുശക്തമായ പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തിലേതെ ന്നും മന്ത്രി പറഞ്ഞു.
നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടങ്ങൾ നിര്‍മ്മിച്ചത്.
സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗിന്റെയും എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഡന്റല്‍ ചെയറിന്റെയും അങ്കണവാടി കുട്ടികള്‍ക്കുള്ള ബെഡ് വിതരണത്തിന്റെയും ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിര്‍വഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ എം എസ് അരുണ്‍കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ എൽ ബീന റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ കെ ജെ റീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ എസ് രജനി, ഇന്ദിരാദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ മോഹൻകുമാർ, ബി വിനോദ്, സ്വപ്ന സുരേഷ്, രോഹിണി, കെ ആർ അനിൽകുമാർ, ഷീബ സതീഷ്, സാനറ്റോറിയം സൂപ്രണ്ട് കെ എ ജിതേഷ്, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments