ഗോപിയുടെ പരാതിക്കു പരിഹാരം, കെട്ടിടത്തിന് നമ്പർ കിട്ടും
കൂത്താട്ടുകുളം മന്നത്തൂർ മാങ്കുടിയിൽ എം കെ ഗോപിയുടെ വാണിജ്യ- ഗാർഹിക കെട്ടിടത്തിൻ്റെ ഗ്രൗണ്ട് ഫ്ലോറിന് നമ്പർ നൽകാൻ മന്ത്രി റോഷി അഗസ്റ്റിൻ്റെ നിർദ്ദേശം. മുകൾ നിലയ്ക്ക് യു /എ ( അൺ അതോറിസ്ഡ് ) നമ്പർ നൽകാനും കൂത്താട്ടുകുളം നഗരസഭയ്ക്കു മന്ത്രി നിർദ്ദേശം നൽകി.
2013ൽ കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തായിരുന്ന സമയത്ത് ഗോപിയുടെ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിന് നമ്പർ കിട്ടിയിരുന്നു. പിന്നീടാണു മുകളിലെ നില പണിയുന്നത്. ഇതു ക്രമവൽക്കരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചപ്പോൾ നിരസിക്കപ്പെട്ടു.
2013 ൽ വസ്തുനികുതി പരിഷ്ക്കരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തു കെട്ടിട നമ്പർ നൽകിയപ്പോൾ ഇത് 46.72m' വിസ്തീർണ്ണമുള്ള ഒറ്റനില കെട്ടിടമായിരുന്നുവെന്നു കൂത്താട്ടുകുളം നഗരസഭ സെക്രട്ടറി അറിയിച്ചു. നഗരസഭ നടത്തിയ പരിശോധനയിൽ, ഗ്രൗണ്ട് ഫ്ലോർ വാണിജ്യാവശ്യത്തിനും ഫസ്റ്റ് ഫ്ളോർ ഗാർഹികാവശ്യത്തിനുമായുള്ള ഇരുനില കെട്ടിടമാണെന്ന് കണ്ടെത്തി. കെട്ടിടത്തിന്റെ എല്ലാ വശങ്ങളും ചേർത്ത് നിർമ്മാണം നടത്തിയിട്ടുള്ളതായി കാണുന്നുവെന്നും സെക്രട്ടറി അറിയിച്ചു. അനുമതിയില്ലാതെ കൂട്ടിച്ചേർക്കലുകൾ വരുത്തിയതിനാലും നിലവിലുള്ള കെട്ടിട നിർമ്മാണം ചട്ടങ്ങൾ പാലിക്കുന്നില്ലാത്തതിനാലുമാണ് 2016 ൽ പുതിയ കെട്ടിട നമ്പർ അനുവദിക്കാത്തത് എന്നും നഗരസഭ സെക്രട്ടറി റിപ്പോർട്ട് ചെയ്തു.
കൂത്താട്ടുകുളം പഞ്ചായത്തായിരുന്നപ്പോൾ കെട്ടിട നമ്പർ ഉണ്ടായിരുന്നതിനാൽ ഗ്രൗണ്ട് ഫ്ലോറിന് നമ്പർ നൽകാൻ മന്ത്രി നഗരസഭയ്ക്കു നിർദ്ദേശം നൽകുകയായിരുന്നു. ഫസ്റ്റ് ഫ്ലോറിന് യു/എ നമ്പർ നൽകുന്നതിന് അദാലത്തിൽ പരിഗണിച്ച കേസ് ആയി പ്രത്യേക തീരുമാനമെടുക്കുന്നുവെന്നും മന്ത്രി അറിയിച്ചു.
- Log in to post comments