37 വർഷമായി കിടപ്പു രോഗി, ഷാനവാസിന് യു.ഡി.ഐ.ഡി കാർഡും ചികിത്സ സഹായവും
സെറിബ്രൽ പാൾസി രോഗബാധിതനായി 37 വർഷമായി കിടപ്പു രോഗി ആയ ഷാനവാസ് കരുതലും കൈത്താങ്ങിന്റെ അമ്പലപ്പുഴ താലൂക്ക് അദാലത്ത് വേദിയിലേക്ക് എത്തിയത് ആധാർ കാർഡ് ലഭിക്കണം എന്ന അപേക്ഷയുമായാണ്.
ആധാർ കാർഡ് ഇല്ല എന്ന കാരണത്താൽ ആര്യാട് കൊറ്റംകുളങ്ങ വാർഡ് സ്വദേശിക്ക് ലഭിച്ചിരുന്ന പെൻഷൻ കഴിഞ്ഞ 8 മാസമായി മുടങ്ങിയിരുന്നു. ചികിത്സയ്ക്കും മറ്റും അനുഭവിക്കുന്ന കഷ്ടതകൾ ചൂണ്ടികാട്ടി നൽകിയ നിവേദനം പരിഗണിച്ച മന്ത്രി സജി ചെറിയാൻ വേദിയിൽ നിന്ന് ഇറങ്ങി ആംബുലൻസിലിരുന്ന ഷാനവാസിന്റെ അടുത്ത് എത്തി മാതാവ് ബീനയിൽ നിന്നും പിതാവ് മുഹമ്മദ്കുഞ്ഞിൽ നിന്നും വിവരങ്ങൾ നേരിട്ട് ചോദിച്ചറഞ്ഞു.
വിരൽ -കണ്ണ് അടയാളങ്ങൾ ശേഖരിക്കാൻ കഴിയാത്തത് കാരണമായിരുന്നു ഷാനവാസിന് ആധാർ കാർഡ് ലഭിക്കാതിരുന്നത്. എന്നാൽ ഭിന്നശേഷി കാർഡ് ഉടമയായ ഷാനവാസിനെ അത് പ്രകാരം സാമുഹിക നീതി വകുപ്പിന്റെ യു.ഡി.ഐ.ഡി കാർഡ് നൽകുവാനും ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും മെഡിക്കൽ കോളേജിൽ നിന്ന് ഉറപ്പാക്കാനും മന്ത്രി ഉത്തരവിട്ടു.
ഏറെ കഷ്ടതകൾ അനുഭവിച്ചു പോന്നിരുന്ന ഷാനവാസും ലഭിച്ച സഹായത്തിൽ മനസ് നിറഞ്ഞാണ് വേദി വിട്ടത്. എം.എൽ.എ മാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.
- Log in to post comments