Skip to main content

പാലക്കാട് താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

 

പുറമ്പോക്ക് കയ്യേറ്റങ്ങള്‍ സ്വമേധയാ കണ്ടെത്തി അതത് വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ തന്നെ താലൂക്ക് സര്‍വേയുടെ സേവനം ഉപയോഗപ്പെടുത്തി സംയുക്ത പരിശോധന നടത്തി ഒഴിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍.ഡി.ഒ എസ്.ശ്രീജിത്ത് പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറ്റങ്ങള്‍  ഒഴിപ്പിക്കുന്നതില്‍ വിവിധ വകുപ്പുകള്‍ അമാന്തം കാണിക്കുകയാണെന്ന് ആര്‍ എം പി ഐ പ്രതിനിധി  ജയന്‍ മമ്പറം യോഗത്തില്‍ ഉന്നയിച്ചു.

എല്ലാമാസവും ആദ്യത്തെ ശനിയാഴ്ച നടത്തപ്പെടുന്ന താലൂക്ക് വികസന സമിതിയില്‍ പല വകുപ്പുകളുടെയും പ്രതിനിധികള്‍ പങ്കെടുക്കാത്തത് അംഗങ്ങള്‍ യോഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. നിരന്തരമായി യോഗത്തില്‍ പങ്കെടുക്കാത്തവരുടെ വിശദവിവരം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ആര്‍ ഡി ഒ നിര്‍ദ്ദേശിച്ചു

 

കെഎസ്ആര്‍ടിസി ലിങ്ക് റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന മൂലം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു. ജില്ലാ ആശുപത്രിക്ക് മുന്‍വശത്ത് ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിംഗ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായും കെഎസ്ആര്‍ടിസി ലിങ്ക് റോഡില്‍ ബസ് സ്റ്റോപ്പ്  ഇല്ലാത്ത സ്ഥലത്ത് ബസ്സുകള്‍ നിര്‍ത്തുന്നത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായും ഈ വിഷയങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ ഉണ്ടാകണമെന്നും എന്‍സിപിയുടെ പ്രതിനിധി  കബീര്‍ വെണ്ണക്കര ആവശ്യപ്പെട്ടു.

 

ജില്ലാ മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സ പൂര്‍ണ തോതില്‍ നടത്താത്തതും മെഡിക്കല്‍ കോളേജിലും കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലും  കാന്റീന്‍ സൗകര്യമില്ലാത്തതും  പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന്  ബോബന്‍ മാട്ടുമന്ദ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തഹസില്‍ദാര്‍ എന്‍ എന്‍ മുഹമ്മദ് റാഫി, താലൂക്ക് തല വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date