യുവജന കമ്മീഷന്റെ സംസ്ഥാനതല ചെസ്സ് മത്സരം: തൃശ്ശൂരിലെ കെ.ബി അനൂപ് ജേതാവ്
കേരള സംസ്ഥാന യുവജന കമ്മീഷന് പള്ളിക്കുന്ന് കൃഷ്ണമേനോന് മെമ്മോറിയല്‍ ഗവ വിമണ്‍സ് കോളേജില്‍ നടത്തിയ സംസ്ഥാനതല ചെസ്സ് മത്സരത്തില്‍ തൃശ്ശൂർ പൂച്ചിനിപാടം സ്വദേശി കെ.ബി അനൂപ് ജേതാവായി. കാസർഗോഡ് ചെറുവത്തൂർ സ്വദേശി പി. ജയകൃഷ്ണൻ രണ്ടാം സ്ഥാനവും കണ്ണൂർ പേരാവൂർ സ്വദേശി പി. എസ് സോനുമോൻ മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് ജനുവരി 15 ന് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ വിതരണം ചെയ്യും. ഏഴു റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നുമായി 48 പേര് പങ്കെടുത്തു. സി.വി ശബരിരാജ് ആയിരുന്നു മത്സരത്തിന്റെ ചീഫ് ആര്‍ബിറ്റര്‍.
രാവിലെ കോളേജ് ഓഡിറ്റോറിയത്തില്‍ യുവജന കമ്മീഷന് ചെയര്മാന് എം. ഷാജര്‍ മത്സരം ഉദ്ഘാടനം ചെയ്തു. ചെസ്സ് മത്സരത്തില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് മത്സരാര്‍ഥികളുടെ പ്രായം 18 ല്‍ നിന്ന് 15 ആക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചെയര്മാന് പറഞ്ഞു. ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് യുവജന കമ്മീഷന് നടത്തുന്ന പ്രഥമ സംസ്ഥാന തല ചെസ്സ് മത്സരമാണിത്. മറ്റ് കായിക മത്സരങ്ങള്‍ പോലെ കേരളത്തില്‍ ചെസ്സിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. അക്കാരണത്താലാണ് സംസ്ഥാന തലത്തില്‍ ചെസ്സ് മത്സരം നടത്താന്‍ തീരുമാനിച്ചത്. വരും വര്‍ഷങ്ങളിലും ചെസ് മത്സരം സംഘടിപ്പിക്കുമെന്നും എം. ഷാജര്‍ പറഞ്ഞു. കൃഷ്ണമേനോന് മെമ്മോറിയല്‍ ഗവ. വിമണ്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ടി ചന്ദ്രമോഹന് അധ്യക്ഷനായിരുന്നു. കണ്ണൂര്‍ ജില്ലാ ചെസ്സ് ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ വി.യു സെബാസ്റ്റ്യന്‍, യുവജന കമ്മീഷന് അംഗങ്ങളായ പി.പി രണ്‍ദീപ്, കെ.പി ഷജീറ, യുവജന കമ്മീഷന് ജില്ലാ കോഡിനേറ്റമാരായ ഡി.നിമിഷ, വൈഷ്ണവ് മഹേന്ദ്രന്, കോളേജ് വൈസ് ചെയര്‍പേഴ്സണ്‍ എം ആദിത്യ എന്നിവര്‍ സംസാരിച്ചു.
- Log in to post comments