വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കൂടുതൽ അതിഥിമന്ദിരങ്ങൾ ആരംഭിക്കുക വകുപ്പിന്റെ ലകഷ്യം: മന്ത്രി പി എ മുഹമ്മദ് റിയാസ്
*മൂന്നാറിൽ പുതിയ അക്കോമഡേഷൻ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളോടനുബന്ധിച്ച് സൗകര്യപ്രദവും മനോഹരവുമായ അതിഥിമന്ദിരങ്ങൾ ആരംഭിക്കുകയെന്നത് ടൂറിസം വകുപ്പിൻ്റെ പ്രധാനലക്ഷ്യങ്ങളിലൊന്നാണെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മൂന്നാറിലെ സർക്കാർ അതിഥിമന്ദിരത്തോട് ചേർന്ന് വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുവായൂരിലും ,പൊൻമുടിയിലും പുതിയ ഗസ്റ്റ്ഹൗസ് കെട്ടിടങ്ങൾ ഈ വർഷം ജനങ്ങൾക്കായി തുറന്ന് കൊടുക്കും.
കോവിഡിന് ശേഷം ലോകമാകെ വിദേശസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുവന്നെങ്കിലും ഇടുക്കി ജില്ലയിൽ റെക്കോർഡ് വർധനവാണുണ്ടായത്. 2023 ൽ 104037 വിദേശ വിനോദസഞ്ചാരികൾ ഇടുക്കി സന്ദർശിച്ചു. ഇവരിലേറെയും മൂന്നാറിലാണ് എത്തിയതെന്നത് പ്രാധാന്യത്തോടെ കാണുന്നു. ടൂറിസംരംഗത്ത് റവന്യൂ വരുമാനത്തിലും വലിയ വർധനവുണ്ടായി. മൂന്നാറിൽ സാഹസിക ടൂറിസത്തിൻ്റെ സാധ്യതകൾ പരിശോധിക്കും. കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയെ നയിക്കാൻ പ്രാപ്തമാണ് ഇടുക്കിയും മൂന്നാറും. ജില്ലയുടെ കാര്യത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ടൂറിസം മേഖലയിൽ നടപ്പാക്കുന്ന സീപ്ലെയിൻ സർവീസിൻ്റെ പ്രധാന ഗുണഭോക്താവായി ഇടുക്കി മാറുമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ ദേവികുളം എം.എൽ.എ ദേവികുളം അഡ്വ. എ രാജ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ ഭവ്യ കണ്ണൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിഷ ദിലീപ്, മൂന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദീപ രാജ്കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജാക്വിലിൻ മേരി,മൂന്നാർ ഗ്രാമ പഞ്ചായത്തംഗം റീന മുത്തുകുമാർ, ടൂറിസം അഡിഷണൽ ഡയറക്ടർ വിഷ്ണു രാജ്, ഹാബിറ്റാറ്റ് സെക്രട്ടറി പി വിനോദ്, ടൂറിസം ജോയിൻ്റ് ഡയരക്ടർമാരായ ടി ജി അഭിലാഷ്, ജി എൽ രാജീവ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പുതിയ അക്കോമഡേഷൻ കോംപ്ലക്സിൽ ഒൻപത് ഡീലക്സ് റൂമുകളും ഒരു വിഐപി റൂമും എൺപത്പേരെ പങ്കെടുപ്പിക്കാവുന്ന കോൺഫറൻസ് ഹാളും നാൽപത്പേർക്ക് ഇരിക്കാവുന്ന ഡൈനിങ് ഹാളും ഡ്രൈവർമാർക്കായി വിശ്രമമുറികളും അടുക്കളയുമുണ്ട്. രണ്ട് ഭരണാനുമതി ഉത്തരവുകളിലായി നടപ്പാക്കിയ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ കെട്ടിടത്തിന്റെ സ്ട്രക്ച്ചറൽ വർക്കുകളാണ് ഉൾപ്പെട്ടിരുന്നത്. രണ്ടാം ഘട്ടത്തിലാണ് അക്കോമഡേഷൻ കോംപ്ലക്സിന്റെ അനുബന്ധ പ്രവൃത്തികൾക്കുള്ള അനുമതി ലഭിച്ചത്. ആകെ 6.84 കോടി രൂപ ചെലവിൽ ഹാബിറ്റാറ്റാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.
പുതിയ കെട്ടിടം തുറന്നതോടെ മൂന്നാറിൽ സർക്കാർ വകുപ്പുകളുടെ പരിപാടികളും യോഗങ്ങളും നടത്താൻ സ്വകാര്യ ഇടങ്ങളെ മാത്രം ആശ്രയിക്കുന്ന സാഹചര്യമാണ് ഒഴിവാകുന്നത്.
ചിത്രം : മൂന്നാറിലെ സർക്കാർ അതിഥിമന്ദിരത്തോട് ചേർന്ന് വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു.
മൂന്നാർ അതിഥി മന്ദിരം: പുതിയ ബ്ലോക്ക് ഉദ്ഘാടനം വീഡിയോ : https://www.transfernow.net/dl/202501042jTSWhoH/mXBKF8BC
- Log in to post comments