കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തടവുകാർക്കായി സെൽവാർഡ് തുറന്നു
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമിച്ച തടവുകാർക്കുള്ള സെൽ വാർഡിന്റെ ഉദ്ഘാടനം കോട്ടയം പ്രിൻസിപ്പൽ ജില്ലാ-സെഷൻസ് ജഡ്ജി എം. മനോജ് നിർവഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ജി. പ്രവീൺകുമാർ, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, അഡീഷണൽ എസ്.പി. വിനോദ് പിള്ള,കോട്ടയം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ്, കോട്ടയം ജില്ലാ ജയിൽ സൂപ്രണ്ട് വി.ആർ. ശരത്, ഡിവൈ.എസ്.പി. കെ.ജി. അനീഷ്, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ദീപ, കോട്ടയം മെഡിക്കൽ കോളജ് ആർ.എം.ഒ. ഡോ.സാം ക്രിസ്റ്റി, കോട്ടയം ജില്ലാ ജയിൽ വെൽഫെയർ ഓഫീസർ ജോർജ്ജ് ചാക്കോ, പൊൻകുന്നം സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് സി. ഷാജി,പാലാ സബ്ജയിൽ സൂപ്രണ്ട് പി.എം. കമാൽ, കോർട്ട് മാനേജർ കെ. ഹരികുമാർ നമ്പൂതിരി, ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ റ്റി. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
റിമാൻഡിലാകുന്ന തടവുകാരെയും ചികിത്സാ ആവശ്യങ്ങൾക്കായി മറ്റു ജയിലുകളിൽ നിന്ന് കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന തടവുകാരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുമ്പോൾ ചികിത്സിക്കുന്നതിനാണ് അത്യാഹിത വിഭാഗത്തിൽ സെൽ വാർഡ് നിർമിച്ചത്. പൊതുജനങ്ങൾക്കുള്ള വാർഡുകളിൽ ചികിത്സ നൽകിയിരുന്നത് ഒഴിവാക്കാനാണിത്. സുരക്ഷാസൗകര്യങ്ങളോടു കൂടിയാണ് നിർമാണം.
അഞ്ചു പ്രതികളെ ഒരേ സമയം അഡ്മിറ്റ് ചെയ്ത് ചികിത്സ നൽകാൻ കഴിയും. രണ്ടു സെൽ മുറികളോടു കൂടിയ വാർഡിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കാൻ കഴിയും. നിയമം, ആരോഗ്യം, പൊലീസ്, ജയിൽ വകുപ്പുകൾ സംയുക്തമായാണ് സെൽ നിർമിച്ചത്.
- Log in to post comments