Skip to main content

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ ;  ജില്ലയിലെ നീര്‍ച്ചാലുകള്‍ വീണ്ടെടുക്കും

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ നീര്‍ച്ചാലുകള്‍ക്കും പുനരുജ്ജീവനം സാധ്യമാകും. ' ഇനി ഞാന്‍ ഒഴുകട്ടെ ' എന്ന പദ്ധതിയിലൂടെ ജില്ലയിലെ നീര്‍ച്ചാലുകള്‍ പൂര്‍ണ്ണമായും വീണ്ടെടുക്കുകയാണ് ലക്ഷ്യം. ജലസ്രോതസുകളുടെ വീണ്ടെടുപ്പിനായി ഹരിതകേരളം മിഷന്‍, ജലസേചന വകുപ്പ്, മറ്റു വകുപ്പുകള്‍, ഏജന്‍സികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് 'ഇനി ഞാനൊഴുകട്ടെ'.

തൃശ്ശൂര്‍ ജില്ലയിലെ പോര്‍ക്കുളം, വടക്കേക്കാട്, കാട്ടകാമ്പാല്‍ പഞ്ചായത്തുകളിലെയും കുന്നംകുളം മുനിസിപ്പാലിറ്റിയിലെയും 456 ഹെക്ടര്‍ വരുന്ന കൃഷി ഭൂമിയിലെ നെല്‍കൃഷിക്ക് ആവശ്യമായ ജലസേചനം സാധ്യമാക്കുന്ന തോടാണ് നൂറടിത്തോട്. ഈ പ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലസ്രോതസ്സ് നില നിര്‍ത്തുന്നതിനും ഇത് പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ എല്ലാ വര്‍ഷങ്ങളിലും നൂറടിത്തോട്ടിലെ ജലോപരിതലവും തീരങ്ങളും വിവിധങ്ങളായ ജല സസ്യങ്ങളാലും ഒഴുകി വരുന്ന മാലിന്യങ്ങളാലും മൂടപ്പെടാറുണ്ട്. ഇതിന്റെ ശുചീകരണവും, പുനരുദ്ധാരണ പ്രവര്‍ത്തനോദ്ഘാടവും എംഎല്‍എ എ.സി മൊയ്തീന്‍ ന്നൂറടിതോട് ചെറുവള്ളികടവ് പരിസരത്ത് നിര്‍വ്വഹിച്ചു.

ചടങ്ങില്‍ കുന്നംകുളം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍,  കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എസ് രേഷ്മ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പദ്മം വേണുഗോപാല്‍, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ സി. ദിദിക, മൈനര്‍ ഇറിഗേഷന്‍ അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.വി ബിന്ദു, കുന്നംകുളം സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ലക്ഷ്മി കെ. ദയാന്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍, കോള്‍പ്പടവ് ഭാരവാഹികള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

ഏകദേശം 5 ലക്ഷം രൂപ ചിലവ് വരുന്ന (കുളവാഴ, ചണ്ടി, പായല്‍, മറ്റു കളകള്‍ എന്നിവ തോട്ടില്‍നിന്ന് നീക്കം ചെയ്യുകയും അവ ഉചിതമായ രീതിയില്‍ നശിപ്പിച്ചു കളയുന്ന) പ്രവര്‍ത്തനങ്ങള്‍ മൈനര്‍ ഇറിഗേഷന്റെ തുക വകയിരുത്തികൊണ്ടാണ് നടപ്പിലാക്കുന്നത്.

date