38 വർഷത്തെ കാത്തിരിപ്പിന് വിരാമം കരുതലും കൈത്താങ്ങിലൂടെ കരമടച്ച് സത്യാനന്ദൻ
അമ്പലപ്പുഴ താലൂക്കിലെ 'കരുതലും കൈത്താങ്ങും' അദാലത്ത് വേദിയിൽ മന്ത്രി സജി ചെറിയാന്റെ കൈയിൽ നിന്ന് ബാബു സത്യാനന്ദൻ തന്റെ അച്ഛന്റെ പേരിൽ 1986 ൽ പ്രമാണം ചെയ്ത സ്ഥലത്തിന് ആദ്യമായി കരമടച്ച രസീത് ഏറ്റുവാങ്ങുമ്പോൾ കണ്ണു നിറഞ്ഞിരുന്നു. 38 വർഷത്തെ കാത്തിരിപ്പിനാണ് അദാലത്ത് വിരാമമിട്ടത്.
അയ്യംപറമ്പ് വീട്ടിൽ സത്യാനന്ദൻ 1986 ൽ സ്വകാര്യ വക്തിയുടെ കൈയിൽ നിന്ന് പഴവീട് വില്ലേജ് പരിധിയിൽ നിന്ന് അഞ്ച് സെൻ്റ് സ്ഥലം വാങ്ങിയിരുന്നു. "എന്നാൽ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥർ തണ്ടപേരിലെ സാങ്കേതിക പ്രശ്നം പറഞ്ഞ് ഞങ്ങളെ കരമടക്കാൻ അനുവദിച്ചിരുന്നില്ല. പല തവണ വില്ലേജോഫീസിൽ കയറി ഇറങ്ങിയെങ്കിലും യാതൊരുവിധ നടപടികളും ഉണ്ടായില്ല. പ്രതീക്ഷകളെല്ലാം അസ്തമിച്ചിരുന്നു. എന്നാൽ ഇന്ന് അദാലത്ത് ഞങ്ങൾക്ക് നൽകിയ പരിഹാരത്തിനുള്ള നന്ദി വാക്കുകൾക്കതീതമാണ്. അച്ഛന് പ്രായംമൂലം ഇപ്പോൾ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അതിനാൽ ഞാനാണ് മന്ത്രിയിൽ നിന്നും കരമൊടുക്കിയ രസീത് ഏറ്റുവാങ്ങിയത്," ബാബു പറഞ്ഞു.
മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ സത്യാനന്ദന്റെ പരാതി പരിഗണിക്കുകയും രേഖകൾ പരിശോധിച്ചതിനുശേഷം സത്യാനന്ദനിൽ നിന്ന് കരം സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു. വർഷങ്ങളായി കരമടക്കാൻ സാധിക്കാതിരുന്ന അഞ്ച് പേർക്കാണ് അദാലത്തിൽ അപേക്ഷിച്ചതിനെ തുടർന്ന് കരമൊടുക്കി രസീത് കൈപറ്റാൻ സാധിച്ചത്.
- Log in to post comments