Skip to main content

കരുതലും കൈത്താങ്ങും: അമ്പലപ്പുഴ താലൂക്ക് അദാലത്തില്‍ 278 പരാതികളില്‍ തീര്‍പ്പ് *മൊത്തം ലഭിച്ച പരാതികള്‍ 390 *പരിഗണനാര്‍ഹമായത് 318 *തീര്‍പ്പാക്കിയത് 278 *സത്വര തുടര്‍നടപടികള്‍ക്ക് ഉത്തരവിട്ടത് 40 *അദാലത്ത് ദിവസം ലഭിച്ചത് 268

സംസ്ഥാനസര്‍ക്കാര്‍ താലൂക്കുതലത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തില്‍ അമ്പലപ്പുഴ താലൂക്കില്‍ 278 പരാതികളില്‍ തീര്‍പ്പ്. ശനിയാഴ്ച രാവിലെ 9.30 ന് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച അദാലത്തില്‍ മന്ത്രി സജി ചെറിയാന്‍ പരാതികള്‍ കേട്ട് പരിഹാരം നിര്‍ദേശിച്ചു. അദാലത്തിലേക്ക് നേരത്തേ ലഭിച്ച 390 അപേക്ഷകളില്‍ 318 പരാതികളാണ് പരിഗണാനര്‍ഹമായി ഉണ്ടായിരുന്നത്. മറ്റ് 40 അപേക്ഷകളില്‍ സത്വര തുടര്‍ നടപടികള്‍ക്ക് നിര്‍ദേശിച്ച് മന്ത്രി വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. അദാലത്തിലേക്ക് നേരത്തേ പരാതി നല്‍കിയവരെയെല്ലാം മന്ത്രി നേരില്‍ക്കണ്ടു. അദാലത്ത് ദിവസം കൗണ്ടറിലൂടെ 268 പുതിയ പരാതികള്‍ കൂടി ലഭിച്ചു. 
37 വര്‍ഷം കിടപ്പുരോഗിയായ ഷാനവാസിന് യുഡിഐഡികാര്‍ഡ് നല്‍കുകയും തുടര്‍ചികില്‍സ സൗജന്യമായി നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു. അദാലത്ത് വേദിയില്‍ വെച്ച് അഞ്ച് കുടുംബങ്ങള്‍ക്ക് എഎവൈ റേഷന്‍കാര്‍ഡും അഞ്ച് കുടുംബങ്ങള്‍ക്ക് മുന്‍ഗണന റേഷന്‍കാര്‍ഡുകളും വിതരണം ചെയ്തു. വര്‍ഷങ്ങളായി നികുതി അടക്കാന്‍ കഴിയാതിരുന്ന 16 അപേക്ഷകളില്‍ നികുതി സ്വീകരിക്കുന്നതിനുള്ള ഉത്തരവും അദാലത്തില്‍ കൈമാറി. നടവഴി സംബന്ധിച്ച ആറ് പരാതികളും തീര്‍പ്പാക്കി. അദാലത്ത് ദിവസം ലഭിച്ച അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും 15 ദിവസത്തിനകം തീര്‍പ്പ് കല്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു.  
എം എല്‍ എ മാരായ പി പി ചിത്തരഞ്ജന്‍, എച്ച് സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ കെ ജയമ്മ, എഡിഎം ആശ സിഎബ്രഹാം, സബ് കളക്ടര്‍ സമീര്‍ കിഷന്‍, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ്, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദര്‍ശനന്‍,  ഡെ. കളക്ടര്‍ ജോ ളി ജോസഫ്, അമ്പലപ്പുഴ തഹസില്‍ദാര്‍ എസ് അന്‍വര്‍ എന്നിവര്‍ അദാലത്തിന് സന്നിഹിതരായിരുന്നു. രാവിലെ 9.30ന് ആരംഭിച്ച അദാലത്ത് ഉച്ചക്ക് 2 മണിക്ക് അവസാനിച്ചു.

date