വോട്ടർപട്ടികയിൽ യുവ വോട്ടർമാരെ ഉൾപ്പെടുത്തുന്നതിന് ബോധവത്ക്കരണം നടത്തും: ജില്ലാ കളക്ടർ
## ജില്ലയിലെ അന്തിമ വോട്ടർ പട്ടിക ജില്ലാ കളക്ടർ പ്രസിദ്ധീകരിച്ചു
യുവ വോട്ടർമാരെ വോട്ടർപട്ടികയിൽ കൂടുതലായി ഉൾപ്പെടുത്തുന്നതിന് കോളേജുകളിലും മറ്റ് പൊതുവിടങ്ങളിലും ബോധവത്ക്കരണവും പ്രചാരണ പരിപാടികളും നടത്തുമെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. 2025ലെ സ്പെഷ്യൽ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് നിയമസഭ, ലോക്സഭ ഇലക്ഷനുകൾക്കുള്ള ബൂത്ത് തിരിച്ചുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ
വോട്ടർപട്ടികയിൽ യുവാക്കളെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന വേദികളിലും ബോധവത്ക്കരണം നടത്തുന്നുണ്ട്. അർഹരായ മുഴുവൻ വോട്ടർമാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഇലക്ഷൻ വകുപ്പ് നടത്തികൊണ്ടിരിക്കുന്നത്. വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കും. മരിച്ച വ്യക്തികളുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.
2014 ഒക്ടോബർ 29നാണ് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. പുതുക്കിയ വോട്ടർ പട്ടിക പ്രകാരം 28,37,653 വോട്ടർമാരാണ് നിലവിലുള്ളത്. ഇതിൽ 25,557 പേർ യുവ വോട്ടർമാരാണ്. സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ കാലയളവിൽ 18,489 അപേക്ഷകളാണ് ആകെ ലഭിച്ചത്. തിരുവനന്തപുരം, കഴക്കൂട്ടം നിയോജക മണ്ഡലങ്ങളിലെ വോട്ടർപട്ടിക വാർത്താസമ്മേളനത്തിന് ശേഷം വിതരണം ചെയ്തു. മറ്റ് നിയോജക മണ്ഡലങ്ങളിലേത് അതത് താലൂക്കുകളിൽ നിന്ന് വിതരണം ചെയ്യും.
സബ് കളക്ടർ ആൽഫ്രഡ് ഒ.വി, എ.ഡി.എം വിനീത് റ്റി.കെ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
- Log in to post comments