പത്തനാപുരം താലൂക്ക്തല അദാലത്ത് പരാതികളില്‍ നയപരമായ തീരുമാനങ്ങള്‍ക്ക് സര്‍ക്കാരിനെ സമീപിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
പത്തനാപുരം താലൂക്ക്തല അദാലത്ത് സാഫല്യം ഓഡിറ്റോറിയത്തില്‍ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഓരോ അദാലത്തുകള്‍ കഴിയുമ്പോള്‍ പരാതികളുടെ എണ്ണം കുറഞ്ഞു വരുന്നു. പരിഹാരമുണ്ടാക്കാന്‍ കഴിയാത്ത പരാതികളില്‍ നയപരമായ തീരുമാനങ്ങള്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിനെ സമീപിക്കുമെന്ന് മന്ത്രി പറഞ്ഞു. തീരദേശം, വനം, റവന്യൂ, തദ്ദേശം, ഭൂമിതരം മാറ്റം തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക അദാലത്തുകളും ജില്ലകള്‍ക്ക് കേന്ദ്രീകരിച്ച് മേഖല അദാലത്തുകളും നടത്തിയത് വിജയകരമായിരുന്നു. അദാലത്തില്‍ ഉയരുന്ന പൊതുപ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ അധ്യക്ഷനായി. ചുവപ്പുനാടയുടെ നൂലാമാലകളില്‍ നിന്നും പൊതുജനങ്ങളെ രക്ഷിക്കുന്നതിന് അദാലത്തുകളാണെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ഭൂമി എന്ന പേരില്‍ നൂറ്റാണ്ടുകളായി കുരുങ്ങിക്കിടക്കുന്ന പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടിയായി. കനാല്‍ പുറമ്പോക്ക് പട്ടയം സംബന്ധിച്ച് റവന്യൂ, ഇറിഗേഷന്‍ വകുപ്പ് മന്ത്രിമാരുമായി ചേര്‍ന്ന് സംയുക്ത കൂടി ചര്‍ച്ച നടത്തി. ജനുവരി 15ന് ശേഷം വീണ്ടും യോഗം ചേര്‍ന്ന് വിതരണം ചെയ്യും. ഇതിനുപുറമെ വനം വകുപ്പിന്റെ 2500 ലധികം പട്ടയങ്ങളും പത്തനാപുരത്ത് മാത്രം നല്‍കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു. പൊതുതാത്പര്യം മുന്‍നിര്‍ത്തി ഗതാഗത വകുപ്പില്‍ ഫയല്‍ നീക്കവുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കിയതായി മന്ത്രി വ്യക്തമാക്കി. ഒരു ഫയലില്‍ അഞ്ചു ദിവസത്തിനുള്ളില്‍ തീരുമാനങ്ങള്‍ എടുക്കണം. ഇല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഉച്ചയ്ക്ക് ഒന്ന് വരെ പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ കാണാമെന്നും അതിനുശേഷം ഉള്ള സമയം ഇവര്‍ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനായി വിനിയോഗിക്കണമെന്നുമാണ് നിര്‍ദ്ദേശം.
അദാലത്തില്‍ കുര്യോട്ടുമലയിലെ 25 പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള എസ്. ടി പട്ടയം വിതരണം ചെയ്തു. കൂടാതെ 5 കുടുംബങ്ങള്‍ക്ക് ദേവസ്വം പട്ടയവും നല്കി. മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി 40 പേര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ വിതരണവും മന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആനന്ദവല്ലി, ജില്ലാ പഞ്ചായത്ത് അംഗം സുനിതാ രാജേഷ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആര് സോമരാജന്, എസ് തുളസി, പി കലാദേവി, കെ അശോകന്, വി.പി രമാദേവി, ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്, എ. ഡി. എം ജി നിര്‍മല്‍കുമാര്‍, പുനലൂര്‍ ആര്.ഡി. ഒ സുരേഷ് ബാബു, ഡെപ്യൂട്ടി കലക്ടര്‍മാരായ ആര് ബീനറാണി, എഫ്. റോയ്കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 51/2025)
- Log in to post comments