Skip to main content
0

രാജ്യ പുരോഗതിക്കായി പ്രവർത്തിക്കുന്ന പൗരസമൂഹത്തെ വാർത്തെടുക്കുന്നതിൽ എസ്പിസി യുടെ പങ്ക് സ്തുത്യർഹമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

 

(പടം)

-176 എസ്പിസി കേഡറ്റുകളുടെ പാസിങ് ഔട്ട്‌ പരേഡ് നടന്നു

 

രാജ്യ പുരോഗതിക്കായി പ്രവർത്തിക്കുന്ന പൗരസമൂഹത്തെ വാർത്തെടുക്കുന്നതിൽ  സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (എസ്പിസി)പങ്ക് സ്തുത്യർഹമാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.  കൊടിയത്തൂർ പിടിഎം ഹയർ സെക്കന്ററി സ്കൂളിൽ 176 എസ്പിസിക്കാരുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  

"മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, ഭരണഘടന തത്വങ്ങളിൽ ഉറച്ചുനിന്ന് രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന പൗരസമൂഹത്തെ ആണ് നാടിനാവശ്യം. അത്തരം പൗരസമൂഹത്തെ വാർത്തെടുക്കുന്നതിൽ എസ്പിസി പദ്ധതി വഹിക്കുന്ന പങ്ക് നിർണായകമാണ്," 
മന്ത്രി വിശദീകരിച്ചു. 

പൗരബോധവും രാജ്യസ്നേഹവുമാണ് എല്ലാ സേനാ വിഭാഗങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചെറുതും വലുതുമായ സംഘങ്ങളെ നയിക്കേണ്ടത്, മന്ത്രി പറഞ്ഞു.  

പിടിഎം എച്ച്എസ്എസ് കൊടിയത്തൂർ, ജിഎച്ച്എസ്എസ് നീലേശ്വരം, എംജെഎച്ച്എസ്എസ് എളേറ്റിൽ,  വിഎംഎച്ച്എംഎച്ച്എസ്എസ് ആനയാംകുന്ന് എന്നീ സ്കൂളുകളിലെ 176 എസ്പിസിക്കാരാണ് പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തത്. ഒരു സ്കൂളിൽ നിന്നും 44 പേർ. 

പരേഡ് ജനറൽ കമാൻഡർ എം എ ആയിഷ ഫിദയും (ജിഎച്ച്എസ്എസ് നീലേശ്വരം) സെക്കൻഡ് ഇൻ കമാൻഡർ കൊടിയത്തൂർ പിടിഎം എച്ച്എസ്എസിലെ എസ് അനുരഞ്ജുമായിരുന്നു. എട്ട് എസ്പിസി പ്ലറ്റൂണുകൾ പരേഡിൽ പങ്കെടുത്തു.  

പരിപാടിയിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു, വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, വാർഡ് മെമ്പർ ഷംലൂലത്ത്,   എസ്പിസി കോഴിക്കോട് റൂറൽ അഡീഷണൽ ജില്ലാ നോഡൽ ഓഫീസർ സുനിൽകുമാർ,  പോലീസ് അഡീഷണൽ സൂപ്രണ്ട് ടി ശ്യാംലാൽ,  താമരശ്ശേരി ഡിവൈഎസ്പി വി വി ബെന്നി, കൊടിയത്തൂർ പിടിഎം സ്കൂൾ പിടിഎ പ്രസിഡണ്ട് ഫസൽ ബാബു,  പ്രിൻസിപ്പൽ എം എസ് ബിജു, പ്രധാനാധ്യാപകൻ ജി സുധീർ, ബാലത്തിൽ ബാപ്പു, ഗുലാം ഹുസൈൻ, ഉമ്മാച്ചകുട്ടി,  ഇൻസ്പെക്ടർമാരായ എസ് അൻഷാദ്, കെ പി അഭിലാഷ്, സബ്ബ് ഇൻസ്‌പെക്ടർ എസ് ശ്രീജിത്ത്‌ എന്നിവർ പങ്കെടുത്തു.  

എസ്പിസി പരിശീലന കാലയളവിൽ മികച്ച പ്രവർത്തനം നടത്തിയ 10 കേഡറ്റുകളെ മന്ത്രി ആദരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന 11 അധ്യാപകരും ആദരം ഏറ്റുവാങ്ങി.

date