വഴിത്തര്‍ക്കങ്ങള്‍ നിരവധി; പരിഹാരങ്ങള്‍ നിര്‍ദേശിച്ച് മന്ത്രിമാര്‍
'കരുതലും കൈത്താങ്ങും' കൊട്ടാരക്കര താലൂക്ക് അദാലത്തില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ലഭിച്ചത് നിരവധി പരാതികള്‍. ഇവ കേട്ടറിഞ്ഞ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ജെ. ചിഞ്ചുറാണി എന്നിവര്‍ പരിഹാരത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
100 വര്‍ഷത്തിലധികമായി തങ്ങളുടെ കുടുംബം ഉപയോഗിക്കുന്ന നടപ്പാത അയല്‍വാസി ഇടിച്ചുനിരത്തി വഴി മുടക്കിയെന്ന പരാതിയുമായാണ് വീട്ടമ്മയായ കരിങ്ങന്നൂര്‍ പുതുശ്ശേരി ആഷുഭവനില്‍ തങ്കമണി അദാലത്തിനെത്തിയത്. പി.ഡബ്ല്യൂ.ഡി റോഡില്‍നിന്ന് വീട്ടിലേക്കുള്ള 100 മീറ്റര്‍ നീളവും ഒരു മീറ്ററോളം വീതിയുമുള്ള പാതയില്‍ 10 മീറ്ററോളം ഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അയല്‍വാസി ഇടിച്ചുനിരത്തി. ഇതോടെ വഴി തടസ്സപ്പെടുകയും കന്നുകാലികളെ വളര്‍ത്തി ഉപജീവനം നടത്തുന്ന കുടുംബത്തിന് അവയെ കൊണ്ടുപോകാന്‍ കഴിയാതാവുകയും ചെയ്‌തെന്നും തങ്കമണി ആരോപിച്ചു. പരാതി പരിശോധിച്ച മന്ത്രി ജെ. ചിഞ്ചുറാണി, സ്ഥലം പരിശോധിച്ച് വേണ്ട നടപടിയെടുക്കാന്‍ വെളിനെല്ലൂര്‍ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി.
തന്റെ ഭൂമി കൈയേറി കോണ്‍ക്രീറ്റ് മതില്‍ സ്ഥാപിച്ചതിന് നടപടി സ്വീകരിക്കണം എന്ന ആവശ്യവുമായാണ് മൈലം സ്വദേശിയായ 76കാരന്‍ ഗോപാലന്‍ അദാലത്തിനെത്തിയത്. ഇദ്ദേഹത്തിന്റെ പുരയിടം താലൂക്ക് സര്‍വേയര്‍ അളന്നു തിട്ടപ്പെടുത്തി കല്ലുകള്‍ സ്ഥാപിച്ചതാണ്. എന്നാല്‍, അയല്‍ക്കാരന്‍ അതിരുകളില്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതുമാറ്റി കോണ്‍ക്രീറ്റ് മതില്‍ കെട്ടുകയായിരുന്നു. പട്ടികജാതി വിഭാഗക്കാരനായ, തനിയെ താമസിക്കുന്ന ഗോപാലന്റെ പരാതി പരിഗണിച്ച മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഭൂമി അളന്ന് കല്ല് സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കൊട്ടാരക്കര പൊലീസിനോടും ആവശ്യപ്പെട്ടു.
നിലമേല്‍ സ്വദേശി അബ്ദുറഹ്മാന്‍ വിലകൊടുത്ത് വാങ്ങിയ പുരയിടത്തില്‍ 7.20 ആര്‍സ് തരിശ് ഇനം മാറ്റി നല്‍കണമെന്ന പരാതിയുമായാണ് അദാലത്തിനെത്തിയത്. ക്യാന്‍സര്‍ രോഗിയായ അബ്ദുറഹ്മാന്‍ നിലവില്‍ ആര്‍.സി.സിയില്‍ ചികിത്സ തേടുന്നുണ്ട്. മറ്റ് ആവശ്യങ്ങള്‍ക്കും ഭൂമി വില്‍ക്കാനാവാത്ത അവസ്ഥയിലാണ്. റീസര്‍വ്വേ നടത്തിയ ശേഷം ഉണ്ടായ പ്രശ്‌നം പരിശോധിച്ച് അടിയന്തരമായി പരിഹരിക്കുന്നതിന് മന്ത്രി ബാലഗോപാല്‍ നിര്‍ദ്ദേശം നല്‍കി.
(പി.ആര്‍.കെ നമ്പര്‍ 38/2025)
- Log in to post comments