Skip to main content

2018 ലെ വെള്ളപ്പൊക്കത്തിൽ രേഖകൾ നഷ്ടമായി: അദാലത്തിലൂടെ കരം അടയ്ക്കാൻ അനുവദിച്ച് മന്ത്രി പി.പ്രസാദ്

2018 ലെ വെള്ളപ്പൊക്കത്തെ തുടർന്ന്   വീയപുരം സ്വദേശി 75 വയസ്സുള്ള കുന്നേൽ വീട്ടിൽ രാമൻകുട്ടിക്ക്  പല വിലപ്പെട്ട രേഖകൾക്കൊപ്പം തന്റെ സ്ഥലത്തിന്റെ  കരമൊടുക്കിയ രസീതുകളും നഷ്ടമായിരുന്നു. തുടർന്ന് കരംമൊടുക്കുവാൻ കഴിഞ്ഞിരുന്നില്ല.

1985ൽ തന്റെ പേരിൽ പട്ടയം കിട്ടിയ സ്ഥലത്തിന് രാമൻകുട്ടി വെള്ളപ്പൊക്കം വരെ കരമൊടുക്കിയിരുന്നതാണ്. തുടർന്നാണ് രേഖകൾ നഷ്ടമായത്. കഴിഞ്ഞവർഷം കരമൊടുക്കുവാൻ വീയപുരം വില്ലേജ്  ഓഫീസിൽ എത്തിയെങ്കിലും സ്ഥലത്ത് സർവെ നടത്തിയതിനു ശേഷമെ  ഇനി കരമൊടുക്കുവാൻ സാധിക്കുവെന്ന് അധികാരികൾ അറിയിച്ചു. തുടർന്നാണ് രാമൻകുട്ടി കരുതലും കൈത്താങ്ങും അദാലത്തിൽ പരാതി നൽകിയത്.

കൃഷി  മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ പരാതി പരിഗണിക്കുകയും രാമൻകുട്ടിയുടെ അവസ്ഥ മനസിലാക്കുകയും ചെയ്തു. തുടർന്ന് കരം സ്വീകരിക്കുകയും  രസീത് അദാലത്തിൽ വിതരണം ചെയ്യുകയും ചെയ്തു. 

രാമൻകുട്ടിയുൾപ്പെടെ പലകാരണങ്ങളാൽ വർഷങ്ങളായി  കരമൊടുക്കുവാൻ സാധിക്കാത്ത 11 പേർക്കാണ് അദാലത്തിലൂടെ കരം അടച്ച് രസീത് കൈപ്പറ്റാൻ സാധിച്ചത്.

date