Skip to main content

തലശ്ശേരി ജില്ലകോടതി സമുച്ചയം 25ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

തലശ്ശേരിയിലെ ജില്ലകോടതി സമുച്ചയം ജനുവരി 25ന്‌ രാവിലെ 9.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുമെന്ന് ജില്ലാ ജഡ്ജ് കെ.ടി നിസാർ അഹമ്മദ്, സംഘാടക സമിതി കൺവീനറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ അഡ്വ.കെ. അജിത് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പത്തോളം കോടതികളുടെ പ്രവർത്തനോദ്ഘാടനം ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാറും നിർവഹിക്കും. അഭിഭാഷകരും, ജീവനക്കാരും അണിനിരക്കുന്ന വിളംബര ഘോഷയാത്രയും അന്നേ ദിവസം നടക്കും. ഉദ്‌ഘാടനത്തിന്‌ മുന്നോടിയായി ജനുവരി ഒൻപതിന് കോടതി പരിസരത്ത്‌ പൈതൃക ചിത്രരചന സംഘടിപ്പിക്കും. 15 ചിത്രകാരന്മാർ കോടതിയുടെ ചരിത്രവും തലശ്ശേരിയുടെ പൈതൃകവും ക്യാൻവാസിൽ അടയാളപ്പെടുത്തും. 

222 വർഷം പഴക്കമുള്ള തലശേരി ജില്ലാ കോടതിയിൽ പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയം അത്യാധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിച്ചത്. കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് അറബിക്കടലിൻ്റെയും പൈതൃകനഗരിയുടെയും സൗന്ദര്യവും ആവോളം ആസ്വദിക്കാം. ശീതീകരിച്ച കോടതികളിലേക്ക് എത്താൻ ലിഫ്റ്റ് സൗകര്യമുണ്ട്. പ്രവർത്തനം പൂർണമായും സോളാർ സംവിധാനത്തിലാണ്. വിപുലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുതിയ കോടതി പ്രവർത്തനമാരംഭിക്കുമ്പോഴും ജില്ലാ കോടതി ഉൾപ്പടെ നാല് കോടതികൾ പഴയ കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കും. ചരിത്രത്തിലിടം പിടിച്ച പല രേഖകളും കോടതി വിധികളും ഉൾക്കൊള്ളുന്ന റെക്കോഡ് റൂം അതേപടി നിലനിർത്തും. കിഫ്‌ബി ഫണ്ടിൽ നിന്ന്‌ 57 കോടി രൂപ വിനിയോഗിച്ചാണ്‌ എട്ടുനില കെട്ടിടം ജില്ലകോടതിക്കായി തലശ്ശേരിയിൽ സർക്കാർ നിർമിച്ചത്‌.

ജില്ലാ കോടതി ഹാളിൽ നടന്ന

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി കൺവീനറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ കെ. അജിത് കുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എ. സജീവൻ, സെക്രട്ടറി അഡ്വ.ജി.പി. ഗോപാലകൃഷ്ണൻ

എന്നിവരും സംബന്ധിച്ചു.

date