അനുയോജ്യമായ വിവാഹാലോചന പ്രൊഫൈൽ നൽകിയില്ല: മാട്രിമോണിയൽ സൈറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ
അനുയോജ്യമായ വിവാഹാലോചന പ്രൊഫൈൽ നൽകാത്തതിന് മാട്രിമോണിയൽ സൈറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് പ്രമുഖ ദിനപത്രത്തിൽ വിവാഹ അഭ്യർഥനകൾ ക്ഷണിച്ച് പരസ്യം നൽകി. ഇതിനുശേഷം ദിനപത്രത്തിന്റെ ഭാഗമായ എം4മാരി ഡോട്ട് കോമിൽനിന്ന് ബന്ധപ്പെട്ടതിനേത്തുടർന്ന് 25,960 രൂപ അടച്ച് രജിസ്റ്റർ ചെയ്തു. തന്റെ പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന ഒരു വധുവിന്റെ പ്രൊഫൈൽ ലഭ്യമാക്കുമെന്ന ഉറപ്പിനേത്തുടർന്നാണിത്. എന്നാൽ അയച്ച പ്രൊഫൈലുകൾ ഒന്നും പൊരുത്തപ്പെടുന്നതായിരുന്നില്ല. പൊരുത്തപ്പെടുന്ന പ്രൊഫൈലുകൾ അയയ്ക്കാൻ പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടും അയച്ചുനൽകിയില്ല. 2024 ജൂൺ 19-ന് പ്ലാനിന്റെ കാലാവധി തീർന്നെന്നും പ്ലാൻ പുതുക്കാൻ വീണ്ടും പണം വേണമെന്നും അറിയിച്ചതിനേത്തുടർന്നാണ്് പരാതിക്കാരൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്.
നൽകിയ പ്രൊഫൈലുകൾ പരാതിക്കാരന്റെ പ്രൊഫൈലിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നതിൽ മാട്രിമോണിയൽ സൈറ്റ് പരാജയപ്പെട്ടതായി കമ്മീഷൻ കണ്ടെത്തി. സേവനത്തിന്റെ പോരായ്മയാണെന്നും നഷ്ടപരിഹാരം നൽകാൻ ബാധ്യതയുണ്ടെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. നിബന്ധനകളെക്കുറിച്ചും വ്യവസ്ഥയെക്കുറിച്ചും പുതുക്കൽ നയത്തെക്കുറിച്ചും പൂർണമായി അറിഞ്ഞതിനാലും എൻറോൾമെന്റ് സമയത്ത് പരാതിക്കാരന് എല്ലാ വിവരങ്ങളും നൽകിയിരുന്നതിനാലും സേവനത്തിന്റെ കുറവില്ലെന്ന് എം4മാരി ഡോട്ട് കോം വാദിച്ചു.
പരാതിക്കാരനുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് അദ്ദേഹത്തിൽനിന്ന് ഈടാക്കിയ 25960 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും എം4മാരി.കോം നൽകണമെന്ന് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റായും ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളായുമുള്ള ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടത്.
- Log in to post comments