Skip to main content

കുടുംബശ്രീ ആറാമത് ബഡ്‌സ് കലോത്സവം 'തില്ലാന' 2025'   അരങ്ങിലും അണിയറയിലും ഇനി രണ്ടു നാള്‍ സര്‍ഗോത്സവത്തിന്റെ മേളം  

                                                           
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആറാമത് ബഡ്‌സ് കലോത്സവം 'തില്ലാന' 2025' ഇനിയുള്ള രണ്ട് നാള്‍ അരങ്ങിലും അണിയറയിലും സര്‍ഗോത്സവത്തിന്റെ നവ്യമേളങ്ങളുയര്‍ത്തും. 14 ജില്ലകളില്‍ നിന്നായി 450-ലേറെ മത്സരാര്‍ഥികളാണ് പ്രതിഭയുടെ മാറ്റുരയ്ക്കാന്‍ എത്തിയിട്ടുള്ളത്. ബഡ്‌സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിച്ച് അവരുടെ ബൗദ്ധിക വികാസം ലക്ഷ്യമിട്ടാണ് ബഡ്‌സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സ്റ്റേജ്-സ്റ്റേജ് ഇതര ഇനങ്ങളിലായി ആകെ 22 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

നിലവില്‍ സംസ്ഥാനമൊട്ടാകെ 166 ബഡ്‌സ് സ്‌കൂളുകളും 212 ബഡ്‌സ് പുനരധിവാസ കേന്ദ്രങ്ങളും ഉള്‍പ്പെടെ 378 ബഡ്‌സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ടാണ് ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. ഈ സ്ഥാപനങ്ങളിലൂടെ 13081 പരിശീലനാര്‍ഥികള്‍ക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം, തൊഴില്‍ പരിശീലനം എന്നിവയ്ക്ക് കുടുംബശ്രീ പിന്തുണ നല്‍കുന്നു. റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ രജിസ്‌ട്രേഷനോടൊപ്പം ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും  പ്രത്യേക യോഗ്യത നേടിയ അധ്യാപകരുടെ സേവനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

date