Skip to main content

ജോബ് സ്റ്റേഷനുകളും ഫെസിലിറ്റേഷന്‍ സെന്ററുകളും ഒരുക്കും 'വിജ്ഞാന കേരളം': ഉന്നതതല യോഗം ചേര്‍ന്നു

അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള തൊഴില്‍ ലഭ്യമാക്കുന്നതിന് കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'വിജ്ഞാന കേരളം' ജനകീയ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം മുന്‍ ധനകാര്യ മന്ത്രിയും പദ്ധതി ഉപദേഷ്ടാവുമായ ഡോ. ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
യുവാക്കള്‍ക്ക് ആത്മവിശ്വാസവും നൈപുണ്യ പരിശീലനവും നല്‍കാന്‍ ജനകീയ ഇടപെടല്‍ വേണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തനത്തിലൂടെയും ജനപങ്കാളിത്തത്തോടെയുമാണ് പദ്ധതി നടപ്പാക്കുക. തൊഴിലിനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാന്‍ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ജോബ് സ്റ്റേഷനുകളും പഞ്ചായത്തുകളില്‍ ഫെസിലിറ്റേഷന്‍ സെന്ററുകളും ഒരുക്കും. ഇതിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് ആലപ്പുഴയില്‍ എല്ലാ ജില്ലക്കാര്‍ക്കും പങ്കെടുക്കാനാവുന്ന രീതിയില്‍ ആദ്യ തൊഴില്‍മേള സംഘടിപ്പിക്കും. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ മേളകള്‍ ഒരുക്കും. വിവിധ തൊഴിലുകളില്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യിക്കുകയും വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യ പരിശീലന കോഴ്സ് സംഘടിപ്പിക്കുകയും ചെയ്യും. ഇത് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ഉറപ്പാക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍, സബ് കലക്ടര്‍ നിശാന്ത് സിന്‍ഹാര എന്നിവര്‍ സംസാരിച്ചു.

date