Skip to main content
.

കട്ടമുടിക്കുടിയിൽ കൊയ്ത്തുത്സവം : മന്ത്രി ഒ ആർ കേളു നാളെ ( ജനുവരി 10 ) ഉദ്‌ഘാടനം ചെയ്യും

 

 

*കുഞ്ചിപ്പെട്ടി അരി ഉടൻ വിപണിയിൽ

 

അടിമാലി ഗ്രാമപഞ്ചായത്തിലെ കട്ടമുടിക്കുടി പാടശേഖരത്തിൽ നാളെ ( ജനുവരി 10 ) കൊയ്ത്തുത്സവം നടക്കും. വൈകീട്ട് 3. 30 ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്യും.രണ്ടാംഘട്ട വിളവെടുപ്പും വേനൽക്കാല പച്ചക്കറികൃഷിയുടെ ആരംഭവും ഹരിത നഗർ പ്രഖ്യാപനവും പരിപാടിയുടെ ഭാഗമായി നടക്കും. "കുഞ്ചിപ്പെട്ടി അരി" ബ്രാൻഡ് പൊതുവിപണിയിലേക്കെത്തിക്കുന്നതിന്റെ തുടക്കവും മന്ത്രി നിർവഹിക്കും.

 

അടിമാലി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ പൂർണ്ണമായും ആദിവാസിവിഭാഗങ്ങൾ മാത്രം ഉൾക്കൊള്ളുന്ന പ്രദേശമാണ് കട്ടമുടി കുഞ്ചിപെട്ടി. മുതുവാൻ വിഭാഗത്തിൽപ്പെട്ട ആളുകളാണ് ഇവിടെയുള്ളത്. വനത്താൽ ചുറ്റപ്പെട്ട ഏകദേശം ഇരുപത് ഏക്കറിൽ കൂടുതൽ വ്യാപിച്ചുകിടക്കുന്ന പാടശേഖരമാണുള്ളത്. ഈ വർഷം നെൽകൃഷി മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്.കർഷകരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഈ വർഷം മുതൽ വിപുലമായ വേനൽക്കാല പച്ചക്കറി കൃഷി ആരംഭിക്കാനാണ് പാടശേഖര സമിതി ഉദ്ദേശിക്കുന്നത്. കട്ടമുടിക്കുടി പാടശേഖരസമിതിയും പൊൻകതിർ കൃഷിക്കൂട്ടവും സംയുക്തമായാണ് കൃഷിയിറക്കുക. അടിമാലി കൃഷിഭവന്റെയും ശാന്തൻപാറ കൃഷിവിജ്ഞാൻ കേന്ദ്രയുടെയും നേതൃത്വത്തിൽ പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു കഴിഞ്ഞു.

 

ഹരിതകേരളംമിഷന്റെ നേതൃത്വത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പ്, കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ്, സലിം അലി ഫൗണ്ടേഷൻ, കൃഷി വിജ്ഞാൻ കേന്ദ്ര, അടിമാലി ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മിഷൻ, കേരള എൻ.ജി.ഒ. യൂണിയൻ ,

വെ ടു വില്ലേജ് ഫാം ടൂറിസം സ്റ്റാർട്ടപ്പ് തുടങ്ങിയവരുടെ സംയുക്തപ്രവർത്തനങ്ങളാണ് മേഖലയെ ഹരിത നഗറാക്കിമാറ്റുന്നത്.

 

കുഞ്ചിപ്പെട്ടി അരി വിപണിയിൽ എത്തും

 

കട്ടമുടിക്കുടി പാടശേഖരത്തിൽ വിളഞ്ഞ നെല്ല് ഇനിമുതൽ "കുഞ്ചിപ്പെട്ടി അരി" എന്ന ബ്രാൻഡിൽ വിപണിയിലെത്തും. ആദ്യ പായ്ക്കറ്റ് പരിപാടിയിൽ മന്ത്രി ഒ ആർ കേളു ഏറ്റുവാങ്ങും. പൂർണ്ണമായും വനത്താൽ ചുറ്റപ്പെട്ട പാടശേഖരത്തിൽ വിളഞ്ഞ നെല്ല് ഈ വർഷം മുതൽ പൊതുവിപണിയിൽ ലഭ്യമാക്കുന്നതിനാണ് ശ്രമം. വ്യാവസായിക അടിസ്ഥാനത്തിൽ നെല്ല് സംസ്കരിക്കുന്നതിനുള്ള പദ്ധതി ഉടൻ ആരംഭിക്കും. ഇതോടൊപ്പം ഉത്തരവാദിത്ത ഫാം ടൂറിസം പദ്ധതികൾ കൂടി നടപ്പിലാക്കുന്നതിനുള്ള ആലോചനയിലാണ് പാടശേഖരസമിതി.

 

 

 നാളെ കൊയ്ത്തുത്സവം നടക്കുന്ന കട്ടമുടിക്കുടി പാടശേഖരം

 

date