ഹാപ്പിയായിരിക്കാൻ ഹാപ്പിനസ്സ് സ്ക്വയർ തുറന്നു
ജനങ്ങൾക്ക് ഒത്തുചേരാനും ആഘോഷ നിമിഷങ്ങളിൽ പങ്കുചേരാനും തളിപ്പറമ്പിനെ അടയാളപ്പെടുത്തുന്ന ഹാപ്പിനസ് സ്ക്വയർ എം വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കക്ഷി രാഷ്ട്രീയ ഭേദമന്യേ തളിപ്പറമ്പിലെ ജനങ്ങൾക്ക് ഒത്തുചേരാനും പരിപാടികൾ അവതരിപ്പിക്കാനും ഹാപ്പിനസ് സ്ക്വയർ വേദിയാകുമെന്ന് എം.എൽ.എ പറഞ്ഞു. തളിപ്പറമ്പ് സൗന്ദര്യവൽക്കരണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പിൻ്റെ ഉന്നത വിദ്യാഭ്യാസമേഖലയിൽ മുതൽക്കൂട്ടാകാൻ ലോ കോളേജ് ഉടൻ തുടങ്ങുമെന്ന് എം എൽ.എ പറഞ്ഞു. തളിപ്പറമ്പിനെ പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷൻ ആക്കുകയാണ് ലക്ഷ്യം. കിലയുടെ ഭൂമിയിൽ ഫുട്ബോൾ സ്റ്റേഡിയം ഉടൻ തുടങ്ങും . തളിപ്പറമ്പിൽ നിന്ന് വിമാനത്താവളത്തിലേക്കുളള പുതിയ റോഡിൻ്റെ നിർമാണം അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ഇതിൻ്റെ പുരോഗതി ഓരോ മാസവും കൃത്യമായ അവലോകനം ചെയ്യുന്നുണ്ട്. നാടുകാണിയിലെ സഫാരി പാർക്കിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു.
തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷയായി. തളിപ്പറമ്പ് ഡസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിൽ വെബ്സൈറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി പ്രകാശനം ചെയ്തു.
ടിഡിഎംസി ലോഗോ ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദനും റീഡിങ് കഫേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണനും ഉദ്ഘാടനം ചെയ്തു. പി ഡബ്ലിയു ഡി കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയർ ഷാജി തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഹാപ്പിനസ് സ്ക്വയർ ആർക്കിടെക്റ്റുമാരായ ഫഹ്മി അബ്ദുള്ള, തെൻസിഹ ഷെറിൻ അഹമ്മദ്, സ്പെഷ്യൽ ഒളിംപിക്സിൽ മെഡൽ നേടിയ സ്റ്റെജോ വിൽസൺ, വേദിയിൽ ആദ്യമായി നൃത്തം അവതരിപ്പിച്ച അനവദ്യ എന്നിവർക്ക് എംഎൽഎ ഉപഹാരം നൽകി.
എംഎൽഎ ഫണ്ടിൽനിന്ന് 2.72 കോടി രൂപ ചെലവിലാണ് ഹാപ്പിനസ് സ്ക്വയർ ചിറവക്കിൽ പൂർത്തിയാക്കിയത്.
സാംസ്കാരിക കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിന് നിർമിച്ച ചെറുശ്ശേരി സർഗാലയമാണ് ഹാപ്പിനസ് സ്ക്വയറാക്കി പുനർനിർമിച്ചത്. തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പദ്മനാഭൻ, തളിപ്പറമ്പ് നഗരസഭ കൗൺസിലർമാരായ ഒ.സുഭാഗ്യം, കെ.എം.ലത്തീഫ്, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.അബ്ദുൽ മജീദ്, തളിപ്പറമ്പ് നഗരസഭ മുൻ ചെയർപേഴ്സൺ പി.കെ.ശ്യാമള ടീച്ചർ, തളിപ്പറമ്പ് നഗരസഭ മുൻ ചെയർമാൻ മഹമ്മൂദ് അള്ളാംകുളം, ഡി.ഡി.ഇ ബാബു മഹേശ്വരി പ്രസാദ്, ഡി.ടി.പി.സി സെക്രട്ടറി ശ്യാം ചന്ദ്ര, ഡി.ടി.പി.സി മുൻ സെക്രട്ടറി ജിജേഷ് കുമാർ, ഡി.ഇ.ഒ ഇൻ ചാർജ് മനോജ് കുമാർ, സിനിമ സംവിധായകൻ ഷെറി ഗോവിന്ദ്, കെ.സന്തോഷ്, പി.പി.മുഹമ്മദ് നിസാർ, അനിൽ പുതിയ വീട്ടിൽ, ജോജി ആനിത്തോട്ടം, കെ.സി രാമചന്ദ്രൻ, വത്സൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനശേഷം കലാപരിപാടികളും തേവർ ബാൻഡിൻ്റെ മ്യൂസിക്കൽ നൈറ്റും അരങ്ങേറി..
- Log in to post comments