കൊട്ടാരക്കര ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി ശിലാസ്ഥാപനം ഇന്ന് (ജനുവരി 10)
കൊട്ടാരക്കര നഗരസഭയില്‍ നിര്‍മിക്കുന്ന പുതിയ ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് (ജനുവരി 10) വൈകിട്ട് നാലിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കൊട്ടാരക്കര താമരശ്ശേരി ജങ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനാവും. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യാതിഥിയാകും. നാഷണല്‍ ആയുഷ് മിഷന് സംസ്ഥാന മിഷന് ഡയറക്ടര്‍ ഡോ. സജിത് ബാബു മുഖ്യ പ്രഭാഷണം നടത്തും.
സംസ്ഥാന ആയുഷ് വകുപ്പ് നാഷണല്‍ ആയുഷ് മിഷന്റെ ഇന്റഗ്രേറ്റഡ് സ്കീം പ്രകാരം ലഭ്യമാക്കിയ 10.5 കോടി രൂപ ചെലവിട്ടാണ് കൊട്ടാരക്കര ഗവ. ആയുര്‍വേദ ആശുപത്രിയെ 30 കിടക്കകളുള്ള ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രിയാക്കി മാറ്റുന്നത്. 2212.21 ചതുരശ്ര മീറ്ററിലാണ് ആശുപത്രി സമുച്ചയം നിര്‍മിക്കുന്നത്. ആയുര്‍വേദ ചികിത്സയ്ക്ക് പുറമേ സിദ്ധ, യോഗ, യുനാനി, നാച്യുറോപ്പതി ചികിത്സാ സൗകര്യങ്ങളും ഇഷ്ടാനുസരണം തെരഞ്ഞെടുക്കത്തക്ക രൂപത്തിലാണ് ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയായി ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുക.
ഒ.പി, ഐ.പി സൗകര്യങ്ങളും പഞ്ചകര്‍മ്മ, യോഗ-നാച്ചുറോപ്പതി എന്നിവയും സിദ്ധ ചികിത്സയുടെ ഭാഗമായുള്ള വര്‍മ്മ ചികിത്സ, തൊക്കണം-തെറാപ്പി, എന്നിവയും ലബോറട്ടറി, ഫിസിയോതെറാപ്പി തുടങ്ങിയ സേവനങ്ങളും ലഭ്യമാകും. 18 മാസമാണ് നിര്‍മ്മാണ കാലാവധി. സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ ആവശ്യമായ ജീവനക്കാരെ കൂടി നാഷണല്‍ ആയുഷ് മിഷന് ആശുപത്രിക്കായുള്ള പ്രത്യേക സ്കീം പ്രകാരം കരാറടിസ്ഥാനത്തില്‍ നിയമിക്കും.
നാല് നിലകളിലായാണ് ആശുപത്രിയുടെ നിര്‍മ്മാണം. താഴത്തെ നിലയില്‍ ഭരണനിര്‍വ്വഹണവുമായി ബന്ധപ്പെട്ട ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ഒന്നാം നിലയില്‍ രോഗികള്‍ക്കും ഒപ്പം എത്തുന്നവര്‍ക്കുമുള്ള സൗകര്യങ്ങള്‍, ഫാര്‍മസി, ലബോറട്ടറി, ഫിസിയോതെറാപ്പി മുറി, രജിസ്ട്രേഷന്, കണ്‍സള്‍ട്ടിംഗ് ഉള്‍പ്പെടെയുള്ള മുറികള്‍ ക്രമീകരിക്കും. രണ്ടാം നിലയില്‍ പേവാര്‍ഡും, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം വാര്‍ഡുകളും നഴ്സുമാരുടെ ഡ്യൂട്ടി മുറി, അടുക്കള, ഡൈനിങ്ങ് സ്റ്റോര്‍, ബാല്‍ക്കണി എന്നിവയും ഉണ്ടാകും. മൂന്നാം നിലയില്‍ പേവാര്‍ഡ്, പഞ്ചകര്‍മ്മ തെറാപ്പി റൂം, സ്റ്റീം ബാത്ത് റൂം. ഡോക്ടര്‍മാരുടെ ഡ്യൂട്ടി മുറി, യോഗ ഹാള്‍ / നാചുറോപ്പതി മുറി എന്നിവ സജ്ജീകരിക്കും.
150 ഓളം രോഗികള്‍ ദിവസേന ചികിത്സക്കായി ആശുപത്രിയെ സമീപിക്കുന്നു. മൈലം, കുളക്കട, കരീപ്ര, നെടുവത്തൂര്‍, വെളിയം, പവിത്രേശ്വരം, ഏഴുകോണ്, കുണ്ടറ തുടങ്ങിയ സമീപ പഞ്ചായത്തുകളില്‍ നിന്നും നിരവധി രോഗികള്‍ കിടത്തി ചികിത്സയ്ക്കായി ആശ്രയിക്കുന്നു.
പരിപാടിയില്‍ നഗരസഭാ ചെയര്മാന് എസ്.ആര് രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ. അഭിലാഷ്, എസ് രഞ്ജിത്ത്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ് പ്രിയ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments