Skip to main content

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൈക്രോബയോളജി ലാബ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിനായി തിരുവനന്തപുരം ഗവ. അനലിസ്റ്റ് ലബോറട്ടറിയിൽ സജ്ജീകരിച്ച ദേശീയ നിലവാരത്തിലുള്ള മൈക്രോബയോളജി ലാബിന്റെ ഉദ്ഘാടനം ജനുവരി 15 ന് ആരോഗ്യവും കുടുംബ ക്ഷേമവും വകുപ്പ് മന്ത്രി വീണാ ജോർജ്  നിർവഹിക്കും. പകൽ 11 ന് തിരുവനനന്തപുരം ഗവ. അനലിസ്റ്റ് ലബോറട്ടറിയിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിക്കും. തിരുവനന്തപുരം എം.പി ശശി തരൂർ മുഖ്യാതിഥിയാകും. തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

എഫ്.എസ്.എസ്.എ.ഐ മാനദണ്ഡപ്രകാരം ഭക്ഷ്യ സുരക്ഷയിൽ മൈക്രോബയോളജി ടെസ്റ്റിങ്ങിന് സുപ്രധാന പങ്കുണ്ട്.  സംസ്ഥാന ഭക്ഷ്യ പരിശോധന വകുപ്പിന്റെ മൂന്ന് ലാബുകളിൽ കെമിക്കൽ വിഭാഗത്തിന് നിലവിൽ എൻ എ ബി എൽ അംഗീകാരം ലഭ്യമായിട്ടുണ്ട്. പുതിയ ലാബ് പ്രവർത്തനം തുടങ്ങിസമയബന്ധിതമായി എൻ എ ബി എൽ അക്രഡിറ്റേഷൻ കൂടി ലഭിക്കുന്നതോടെ ഭക്ഷ്യ വസ്തുക്കളുടെ പരിശോധനയിൽ കേരളത്തിന് ഉയർന്ന നിലവാരത്തിൽ എത്താൻ സാധിക്കും. നിലവിൽ എറണാകുളംകോഴിക്കോട് ലാബുകളിൽ ദേശീയ നിലവാരത്തിൽ സജ്ജീകരിച്ച മൈക്രോ ബയോളജി ലാബുകൾ പ്രവർത്തിക്കുന്നുണ്ട്.

 എഫ് എസ് എസ് എ ഐയും സംസ്ഥാന സർക്കാരും നടപ്പിലാക്കിയിട്ടുള്ള ദീർഘകാല കരാറിന്റെ ഭാഗമായി എഫ്.എസ്.എസ്.എ.ഐ - എൻ.എ.ബി.എൽ മാനദണ്ഡപ്രകാരം നിർമ്മാണം പൂർത്തീകരിച്ച ലാബിൽ  ഇൻഫ്രാസ്ട്രക്ചർലാബ് ഉപകരണങ്ങൾമൂന്ന് വർഷത്തേക്കുള്ള കരാറടിസ്ഥാനത്തിലുള്ള  നിയമനങ്ങൾ എന്നിവ ഉൾപ്പെടും. പുതിയതായി 250 കെ.വി  ഹൈ ടെൻഷൻ  ട്രാൻസ്‌ഫോർമർ കൂടി സ്ഥാപിച്ചാണ് ലാബിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ആധുനിക രീതിയിൽ പ്രവർത്തന സജ്ജമാക്കിയത്.

ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിൽ തുടർച്ചയായി രണ്ടാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തുന്ന സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിനു ഇത്തരത്തിൽ ദേശീയ നിലവാരമുള്ള മൈക്രോബയോളജി ലബോറട്ടറി ഒരു മുതൽക്കൂട്ടായി മാറും.

പി.എൻ.എക്സ്. 159/2025

date