Skip to main content

'സമ്പൂർണ പ്ലസ്’ മൊബൈൽ ആപ് ഇനി രക്ഷാകർത്താക്കൾക്കും

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്‌കൂളുകൾക്കായി സജ്ജമാക്കിയ സമ്പൂർണ പ്ലസ് മൊബൈൽ ആപ് സൗകര്യം ഇനി മുതൽ രക്ഷാകർത്താക്കൾക്കും ലഭ്യമാകും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആപ്പ് പ്രകാശനം ചെയ്തു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിലെ വിവരശേഖരണം 'സമ്പൂർണഓൺലൈൻ സ്‌കൂൾ മാനേജ്മെന്റ് സോഫ്റ്റ്‌വെയറിലൂടെ നടത്തുന്നതിനും സ്‌ക്കൂൾ വിദ്യാർഥികളുടെ ഹാജർപഠന നിലവാരംപാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ തുടങ്ങിയവ കൂടി ഉൾപ്പെടുത്തി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തിൽ സമ്പൂർണ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആപ്പിലൂടെ ഒരുക്കും.

സമ്പൂർണ പ്ലസ്-ൽ കുട്ടികളുടെ ഹാജർനിലപഠനപുരോഗതിപ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സൗകര്യമുണ്ട്. സമ്പൂർണ ഓൺലൈൺ സ്‌കൂൾ മാനേജ്‌മെന്റ് സിസ്റ്റത്തിനൊപ്പം ആണ് 'സമ്പൂർണ പ്ലസ് മൊബൈൽ ആപ്പിലും ഈ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. ഗൂഗിൽ പ്ലേ സ്റ്റോറിൽ 'Sampoorna Plus എന്ന് ടൈപ്പ് ചെയ്ത് കൈറ്റ് ഔദ്യോഗികമായി റിലീസ് ചെയ്തിരിക്കുന്ന മൊബൈൽ ആപ്പ് ഉപയോഗിക്കാം.

 

സമ്പൂർണ പ്ലസ് ഇൻസ്റ്റോൾ ചെയ്ത് പ്രഥമാധ്യാപകർക്കുംഅധ്യാപകർക്കുംരക്ഷിതാക്കൾക്കും (HM/Teacher/Parent) ലഭ്യമായ ഓപ്ഷനുകളിൽ നിന്നും നിശ്ചിത റോൾ സെലക്ട് ചെയ്ത് ഉപയോഗിക്കണം. ആദ്യമായി സമ്പൂർണ പ്ലസ് ഉപയോഗിക്കുമ്പോൾ മൊബൈൽ നമ്പരിൽ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് സൈൻ അപ് ചെയ്യണം. കുട്ടിയെ സ്‌കൂളിൽ ചേർക്കുമ്പോൾ സമ്പൂർണയിലേക്ക് നൽകുന്ന രക്ഷിതാവിന്റെ മൊബൈൽ നമ്പരിലേക്കാണ് ഒ.ടി.പി ലഭിക്കുന്നത് അതിനാൽ മൊബൈൽ നമ്പർ കൃത്യമായി സമ്പൂർണയിൽ ഉൾപ്പെടുത്തുന്നതിന് കുട്ടി പഠിക്കുന്ന സ്‌കൂളുമായി ബന്ധപ്പെടാവുന്നതാണ്. രക്ഷിതാവിനുള്ള ലോഗിനിൽ യൂസർ നെയിമായി മൊബൈൽ നമ്പരും പാസ്‌വേഡും കൊടുത്ത് ലോഗിൻ ചെയ്യുമ്പോൾ ആ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള കുട്ടികളുടെ പ്രൊഫൈലുകൾ മാത്രം രക്ഷിതാവിന് ലഭിക്കും. പ്രൊഫൈലിൽ സ്‌കൂളിൽ നിന്ന് അയയ്ക്കുന്ന മെസേജുകൾഹാജർമാർക്ക് ലിസ്റ്റ് തുടങ്ങിയവ കാണാം. രക്ഷാകർത്താവിനും അധ്യാപകർക്കും ആശയവിനിമയം നടത്തുന്നതിനും മൊബൈൽ ആപ്പിലെ സൗകര്യം പ്രയോജനപ്പെടുത്താം.

ഡിസംബറിൽ നടന്ന ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളിലെ കുട്ടികളുടെ ടേം പരീക്ഷയുടെ വിവരങ്ങൾ സ്‌കൂളുകൾ സമ്പൂർണ പ്ലസ്-ൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ രക്ഷിതാക്കൾക്ക് ഈ ആപ് വഴി കുട്ടിയുടെ പഠന പുരോഗതി അറിയാവുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.

പി.എൻ.എക്സ്. 167/2025

date