റോഡുകളുടെ വികസനം പുതിയ സാധ്യതകൾക്ക് തുടക്കം കുറിക്കുന്നുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
##തേക്കട-ചീരാണിക്കര റോഡിന്റെയും പൊട്ടന്‍പാറ-മദപുരം റോഡിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
പശ്ചാത്തല വികസനത്തിന്റെ പൂർത്തീകരണം മാത്രമല്ല, സമൂഹത്തിനും അതത് പ്രദേശങ്ങൾക്കും പുതിയ സാധ്യതകളുടെ, വളർച്ചയുടെ തുടക്കം കൂടിയാണ് റോഡുകളുടെ നവീകരണവും പൂർത്തിയാക്കലുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബി.എം ആന്റ് ബിസി നിലവാരത്തിൽ പൂർത്തീകരിച്ച തേക്കട-ചീരാണിക്കര റോഡിന്റെയും പൊട്ടന്‍പാറ-മദപുരം റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ റോഡ് നിർമ്മാണ രീതിയിൽ ആധുനിക രീതിയാണ് ബിഎം ആന്റ് ബിസി. കേരളത്തിൽ മൂന്നേകാൽ വർഷം കൊണ്ട് തന്നെ അമ്പത് ശതമാനം റോഡുകൾ ബിഎം ആന്റ് ബിസി നിലവാരത്തിലാക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
2023-24 ബജറ്റില്‍ ഉള്‍പ്പെടുത്തി 3 കോടി രൂപ ചെലവില്‍ നവീകരിച്ചതാണ് തേക്കട-ചീരാണിക്കര റോഡ്. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ നെടുമങ്ങാട്-വെമ്പായം റോഡിനേയും നെടുമങ്ങാട് വെഞ്ഞാറമൂട് റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് തേക്കട-പനവൂര്‍ റോഡ്. ഈ റോഡിന്റെ 2.45 കിലോമീറ്ററാണ് ബിഎം ആന്റ് ബിസി നിലവാരത്തില്‍ നവീകരിച്ചിരിക്കുന്നത്.
2022-23 നോണ്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി 2 കോടി ചെലവിട്ട് നവീകരണം പൂര്‍ത്തിയാക്കിയതാണ് പൊട്ടന്‍പാറ-മദപുരം റോഡ്. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ തേക്കട-പനവൂര്‍ റോഡിനേയും തലയല്‍-തേമ്പാമൂട് റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് പൊട്ടന്‍പാറ-മദപുരം-ചിറത്തലയ്ക്കല്‍ റോഡ്.
ചീരാണിക്കര ജംഗ്ഷനില്‍ നടത്തിയ പരിപാടിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനില്‍ അധ്യക്ഷത വഹിച്ചു. വെമ്പായം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ബീന ജയന്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments