കരിയര്‍ സ്വപ്‌നങ്ങളുടെ വാതില്‍തുറന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഗ്ലോബല്‍ ജോബ് ഫെയര്‍
യുവതയുടെ കരിയര്‍ സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളപ്പിച്ച് കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ജോബ് ഫെയറിനു മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പ്രൗഢതുടക്കം. കെ. സുധാകരൻ എം.പി ഉദ്ഘാനം ചെയ്തു. വിദേശത്തേക്കടക്കം തൊഴില്‍ സാധ്യത ഉറപ്പാക്കുന്ന ഗ്ലോബല്‍ ജോബ് ഫെയര്‍ കേരളത്തിനു തന്നെ പുതിയമാതൃകയാണെന്ന് കെ സുധാകരന്‍ എം.പി പറഞ്ഞു.
ഇന്നത്തെ വേഗതയേറിയതും മത്സരാധിഷ്ഠിതവുമായ തൊഴില്‍ വിപണിയില്‍ ശരിയായ അവസരങ്ങള്‍ കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതാണ്. അതുകൊണ്ടാണ് വിവിധ വ്യവസായങ്ങളിലെ ചില മുന്‍നിര കമ്പനികളെ ഒരുമിച്ച് കൊണ്ടുവന്ന് പുതിയ തൊഴില്‍ പാതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനും കണ്ടെത്തുന്നതിനുമുള്ള വേദി കോര്‍പ്പറേഷന്‍ ഒരുക്കിയിരിക്കുന്നത്. ഇത്തരം മാതൃകകള്‍ മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ക്കും പിന്തുടരാമെന്നും എം.പി പറഞ്ഞു. മേയര്‍ മുസ്‌ലിഹ് മഠത്തില്‍ അധ്യക്ഷനായി.
വിദേശകമ്പനികളടക്കം പങ്കെടുത്ത് നടത്തുന്ന ഗ്ലോബല്‍ ജോബ് ഫെയര്‍ കണ്ണൂര്‍ കോര്‍പ്പറേഷന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാവര്‍ഷവും നടത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടുദിവസങ്ങളായി നടക്കുന്ന ജോബ് ഫെയറിന്റെ ആദ്യദിനം ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികൾ പങ്കെടുത്തു. നൂറുകണക്കിന് പേര്‍ക്ക് ജോലി നല്‍കിയും, ജോലി തേടുന്നവര്‍ക്ക് അവസരങ്ങളുടെ പുതുവാതിലുകള്‍ തുറക്കുന്ന വേദിയായും ഗ്ലോബല്‍ ജോബ് ഫെയര്‍ മാറി. 20 വിദേശ കമ്പനികളും 55 ഇന്ത്യന്‍ കമ്പനികളും ഗ്ലോബല്‍ ജോബ് ഫെയറിൽ പങ്കെടുത്തു. തൊഴില്‍ മേഖലയിലെ പുതുപ്രവണതകളെ കുറിച്ച് ബോധവല്‍കരിക്കുന്നതും വിദേശത്ത് തൊഴിലും പഠനവും ഒരുമിച്ച് കൊണ്ടുപോകാനുള്ള അവസരങ്ങള്‍ പരിചയപ്പെടുത്തുന്ന വിവിധ സെഷനുകളും ജോബ് ഫെയറിന്റെ ഭാഗമായി നടന്നു. കെവി സുമേഷ് എംഎല്‍എ വിശിഷ്ടാതിഥിയായി.
ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര , സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി കെ രാഗേഷ്, പി ഷമീമ ടീച്ചര്‍, എം.പി രാജേഷ്, വി കെ ശ്രീലത, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ കൂക്കിരി രാജേഷ്, കെ പി അബ്ദുല്‍റസാഖ്, ടി രവീന്ദ്രന്‍, എന്‍ ഉഷ, സിപിഎം പ്രതിനിധി എം പ്രകാശന്‍ മാസ്റ്റര്‍, സിപിഐ പ്രതിനിധി സിപി ഷൈജന്‍,മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി, മുന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി ഡി ജയകുമാര്‍, ബ്രാന്‍ഡ്‌ബെ മീഡിയ മാനേജിംഗ് ഡയറക്ടര്‍ സൈനുദ്ദീന്‍ ചേലേരി തുടങ്ങിയവര്‍ സംസാരിച്ചു.
ഉദ്ഘാടനത്തിന് ശേഷം ആരോഗ്യ രംഗത്തെ അനന്തസാധ്യതകള്‍ എന്ന വിഷയത്തില്‍ മോണ്ട് ഗോ ഹെല്‍ത്ത് കെയര്‍ സിസ്റ്റംസ് മാനേജിംഗ് ഡയറക്ടര്‍ ഷൗക്കത്തലി മാതോടം ക്ലാസെടുത്തു. ബ്രാന്റ്‌ബേ മീഡിയയുടെ സഹകരണത്തോടെയാണ് ജോബ് ഫെയര്‍ ഒരുക്കുന്നത്.
ഫിനാന്‍സ്, അഡ്മിനിസ്ട്രേഷന്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, എജ്യൂക്കേഷന്‍, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, റീടെയില്‍, ഫുഡ് പ്രൊസസിങ്, മാനുഫാക്ചറിങ്, കണ്‌സ്ട്രക്ഷന്‍, ഓട്ടോമൊബൈല്‍സ്, ടെക്‌സ്‌റ്റൈല്‍സ്, മീഡിയ, ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ക്രിയേറ്റീവ് ജോലികള്‍ തുടങ്ങി നിരവധി മേഖലയിലെ തൊഴിലവസരങ്ങളാണ് മേളയിൽ ഉള്ളത്.
രണ്ടാംദിവസമായ ജനുവരി 12 ന് രാവിലെ 8.30ന് മേള ആരംഭിക്കും. രാവിലെ 10ന് പാനല്‍ ചര്‍ച്ച നടക്കും. കരിയര്‍ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച അനില്‍കുമാര്‍ മഠത്തില്‍, ഐടി സ്‌പെഷലിസ്റ്റ് നൗഷാദ് എംകെ, അമൃത രാമകൃഷ്ണന്‍ പങ്കെടുക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
- Log in to post comments